മൂന്നാറിലെ തോട്ടം തൊഴിലാളി സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നിരാഹാര സമരത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. അതോടൊപ്പം, കുട്ടികളോടൊപ്പം റോഡ് ഉപരോധ സമരത്തില്‍ പങ്കെടുക്കാനും തൊഴിലാളികള്‍ ആലോചിക്കുന്നുണ്ട്. സംയുക്ത ട്രേഡ് യൂണിയന്‍ സമരകേന്ദ്രത്തിലേക്ക് ബഹുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മാര്‍ച്ച് നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇപ്പോഴും പലയിടത്തും കുത്തിയിരിപ്പ് സമരം തുടരുകയാണ്.
അതേസമയം , എന്നാല്‍ വിവിധ കേന്ദ്രങ്ങളിലായി റോഡ് ഉപരോധം സൃഷ്ടിക്കുന്നത് ഇനിയുണ്ടാകില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ വ്യക്തമാക്കി. വിനോദ സഞ്ചാരികള്‍ക്കടമുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണിത്.
സമരത്തിന്റെ പരിഹാരത്തിനായി ചൊവ്വാഴ്ച വീണ്ടും ചർച്ച നടത്തും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തൊഴിൽ മന്ത്രി ഷിബു ബേബി ജോണും ട്രേഡ് യൂണിയൻ നേതാക്കളുമായും ചർച്ച നടത്തും. കഴിഞ്ഞ ദിവസം ചേർന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗവും പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും ചർച്ച നടത്തുന്നത്. ചൊവ്വാഴ്ച നടക്കുന്ന പിഎല്‍സി യോഗത്തില്‍ സമരം ഒത്തുതീര്‍പ്പാക്കുന്നതിനുള്ള വഴി തെളിയുമെന്നാണ് ഇരുകൂട്ടരുടേയും പ്രതീക്ഷ. അതുവരെ സമരം തുടരാനാണ് തീരുമാനം.
പാക്കേജ് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ വ്യക്തമായ ഉറപ്പ് നല്‍കിയിരുന്നുവെന്നും തങ്ങളുടെ വിജയം തടയുന്നതിന് ട്രേഡ് യൂണിയനുകളും സര്‍ക്കാരും ഒത്തുകളിച്ചുവെന്നാണ് പൊമ്പിളൈ ഒരുമൈയുടെ നിലപാട്. മിനിമം വേതനം 500 എന്ന ആവശ്യത്തില്‍നിന്നും വിട്ടുവീഴ്ച്ച ചെയ്യാമെന്നാണ് പൊമ്പിളൈ ഒരുമെയുടെ നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ ട്രേഡ് യൂണിയനുകള്‍ കര്‍ക്കശ നിലപാട് എടുത്തതോടെ പ്രശ്നപരിഹാരം സങ്കീര്‍ണമായി തുടരുകയാണ്.