തോട്ടം തൊഴിലാളികളുടെ സമരം: ഇന്ന് വീണ്ടും പിഎൽസി യോഗം

Webdunia
ബുധന്‍, 14 ഒക്‌ടോബര്‍ 2015 (08:18 IST)
മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീർക്കാൻ വിളിച്ചു ചേർത്ത പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം ഇന്നും ചേരും. രാവിലെ 11 മണിക്ക് യോഗം ചേരുക. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തോട്ടമുടമകള്‍ വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഇന്ന് വീണ്ടും യോഗം ചേരുന്നത്.

രാവിലെ ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷമായിരിക്കും പ്ലാന്‍റേഷന്‍ ലേബര്‍ കമ്മിറ്റി ചേരുക. അതേസമയം, ചർച്ചയിൽ പുരോഗതിയുള്ളത് കൊണ്ടാണ് ഇന്ന് വീണ്ടും യോഗം ചേരാൻ തീരുമാനിച്ചതെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു. ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

380 രൂപ മിനിമം കൂലിയും രണ്ട് രൂപ ഇൻസെന്റീവും വർധിപ്പിക്കാമെന്ന ധാരണ അംഗീകരിക്കുമെന്ന് പൊമ്പിള്ളെ ഒരുമൈ നേതാക്കൾ പറയുന്നത്. എന്നാല്‍ നിലവിലെ കൂലിയായ 232 രൂപക്കൊപ്പം 33 രൂപ മാത്രം വര്‍ധിപ്പിക്കാമെന്ന നിലപാടാണ് തോട്ടമുടമകള്‍ സ്വീകരിച്ചത്. എന്നാൽ ട്രേഡ് യൂണിയനുകൾ ഇത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.