എട്ടു ദിവസമായി മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരത്തില്‍ സിപിഎം ഇടപെടുന്നതിനെതിരെ രൂക്ഷ വിമര്‍ശവുമായി തൊഴില്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായ ഷിബു ബേബി ജോണ്‍. കണ്ണന്‍ ദേവന്‍ മാനേജ്മെന്‍റിനെ വെള്ളപൂശാനാണ് സിപിഎം നീക്കം. ഇരകള്‍ക്കൊപ്പം ഓടുകയും വേട്ടനായ്ക്കള്‍ക്കൊപ്പം വേട്ടയാടുകയുമാണ് സിപിഎം. സമരം സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ സിപിഎം ശ്രമിക്കുകയാണ്. എന്നാല്‍, പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ മൂന്നാറിലേക്ക് പോകുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു.
തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിലാരും പെടുത്തിയിരുന്നില്ല. തൊഴിലാളികൾ സ്വമേധയാ രംഗത്തിറങ്ങിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. മൂന്നാറിലേക്ക് പോയി കൈയടി വാങ്ങുകയല്ല സർക്കാരിനു മുന്നിലെ ലക്ഷ്യം. തൊഴിലാളികൾക്ക് അനുകൂലമായ തീരുമാനമെടുക്കാനാണ് ശ്രമം. ചർച്ചകളിലൂടെ എത്രയും പെട്ടെന്ന് അതിന് പരിഹാരം കണ്ടെത്തും. ഏതെങ്കിലും ഒരു സമരത്തിന് 24 മണിക്കൂർ കൊണ്ട് പരിഹാരം ഉണ്ടായ സാഹചര്യം കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മൂന്നാര്‍ പ്രശ്നം സിപിഎം രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നാളത്തെ ചര്‍ച്ചയിലൂടെ വിഷയം പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാറില്‍ സമരം നടത്തുന്ന തേയില തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യായമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാവിലെ പറഞ്ഞു. പ്രശ്നം പരിഹരിക്കപ്പെടണം എന്ന കാര്യത്തില്‍ സംശയമില്ലെന്നും സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം രാവിലെ തിരുവനന്തപുരത്ത് പറഞ്ഞു.
ആവശ്യമെങ്കില്‍ താന്‍ നേരിട്ട് പ്രശ്‌നത്തില്‍ ഇടപെടും. കെ ഡി എച്ച് പി കമ്പനി അധികൃതരുമായി ഞായറാഴ്ച എറണാകുളത്ത് വെച്ച് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. മന്ത്രിമാരായ ഷിബു ബേബി ജോണും ആര്യാടന്‍ മുഹമ്മദും ഇതിനോടകം കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.