മൂന്നാര്‍ ടൂറിസം; കാട്ടുതേന്‍ എന്ന പേരില്‍ വ്യാജ തേന്‍ വില്‍പ്പന പൊടിപൊടിക്കുന്നു!

Webdunia
വ്യാഴം, 25 ഫെബ്രുവരി 2016 (10:15 IST)
മൂന്നാര്‍ ടൂറിസം മേഖലയില്‍ കാട്ടുതേന്‍ എന്ന പേരില്‍ വ്യാജ തേന്‍ വില്‍പ്പന പൊടിപൊടിക്കുന്നതായി റിപ്പോര്‍ട്ട്. കാട്ടുതേന്‍ എന്ന പേരില്‍ വിറ്റഴിക്കുന്നവയില്‍ ഭൂരിഭാഗവും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി.

മൂന്നാറിലെത്തുന്ന ആയിരകണക്കിനു വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘങ്ങള്‍ വ്യാജ തേനുമായി രംഗത്തെത്തിയിരിക്കുന്നത്. പഞ്ചസാരയും നാണയം കൂട്ടിയുരസിയുണ്ടാക്കുന്ന പൊടിയും ഉപയോഗിച്ചാണ് വ്യാജ തേന്‍ നിര്‍മ്മിക്കുന്നതെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു.

മൂന്നാറില്‍ നിന്നും മാട്ടുപ്പെട്ടിയിലേക്കുള്ള വഴിയോരത്ത് നിരവധി തേനീച്ചക്കൂടുകള്‍ ഉള്ള പ്രദേശത്താണ് കച്ചവടം പൊടിപൊടിക്കുന്നത്. തേനിന്റെ മണം കിട്ടുന്നതിനു വേണ്ടി കാട്ടുതേനിന്റെ റാന്തലിലേക്ക് വ്യാജമായുണ്ടാക്കിയ ദ്രാവകം മുക്കിവെക്കുകയാണ് ഇവരുടെ രീതി. ഇങ്ങനെയുണ്ടാക്കുന്ന തേനിന് ഒരു ലിറ്ററിന് 1000 രൂപവരെ ഇവര്‍ ഈടാക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ പഴനി മേഖലയില്‍ നിന്നുള്ളവരാണ് കച്ചവടക്കാരില്‍ ഭൂരിപക്ഷവും. കഴിഞ്ഞദിവസം പൊലീസ് നടത്തിയ റെയ്ഡില്‍ 80 ലിറ്റര്‍ വ്യാജതേന്‍ കണ്ടെത്തി നശിപ്പിച്ചിരുന്നു.