മുല്ലപ്പെരിയാർ; ഏത് നിമിഷവും ഷട്ടറുകള്‍ തുറന്നേക്കുമെന്ന് തമിഴ്‌നാട്

Webdunia
ഞായര്‍, 13 ഡിസം‌ബര്‍ 2015 (16:57 IST)
മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ ഷട്ടറുകള്‍ തുറന്നേക്കും. വൃഷ്‌ടി പ്രദേശത്ത്‌ മഴ ശക്‌തമായതിനെത്തുടര്‍ന്ന്‌ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്‌ വര്‍ധിച്ചതാണ്‌ കാരണം. സെക്കന്‍ഡിൽ 2605 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ജലനിരപ്പ് 141.8 അടിയോട് അടുത്താൽ ഷട്ടറുകൾ തുറക്കുമെന്ന് തേനി കള്‌ക്ടറുടെ മുന്നറിയിപ്പ് സന്ദേശം ഇടുക്കി ജില്ലാ കളക്‍ടര്‍ക്ക് ലഭിച്ചു.

വൈഗ ഉള്‍പ്പെടെയുളള ഡാമുകളില്‍ 90 ശതമാനവും ജലം സംഭരിച്ചു കഴിഞ്ഞതിനാല്‍ തമിഴ്‌നാട്ടിലേക്ക്‌ വെള്ളം കൊണ്ടു പോകാന്‍ സാധിക്കില്ല എന്നതിനാലാണ്‌ ഷട്ടറുകള്‍ തുറക്കുന്നത്‌. ഇന്നലെ വൈകിട്ട്‌ 141.5 അടിയായിരുന്ന ജലനിരപ്പാണ്‌ ഇന്ന്‌ രാവിലെ 141.6 ല്‍ എത്തിയത്‌. 2100 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ടെങ്കിലും ശേഷിക്കുന്ന ജലം അണക്കെട്ടിൽ സംഭരിക്കുന്നതിനാലാണ് ജലനിരപ്പ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ഷട്ടറുകൾ തുറക്കേണ്ടി വരുമെന്ന് തമിഴ്നാട് അറിയിച്ചത്.

എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മൂന്ന് ഷട്ടറുകൾ അരയടി വീതം മാത്രമേ ഉയർത്തൂവെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ. എങ്കിലും പെരിയാർ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ വി രതീശൻ അറിയിച്ചു.