മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നതും ചോര്‍ച്ച വര്‍ദ്ധിച്ചതുമായ സാഹചര്യത്തില്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഉപസമിതി നടത്തിയ പരിശോധനയില്‍ ചോര്‍ച്ചയിലൂടെ പുറന്തള്ളുന്ന ജലത്തിന്റെ അളവ് വര്‍ദ്ധിച്ചതായി കണ്ടെത്തിയത്. അതേസമയം, തമിഴ്‌നാടിന്റെ നിഷേധാത്മക മനോഭാവം തുടരുകയാണ്.
ജലനിരപ്പ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചോര്‍ച്ച കൂടിയതിനാല്‍ സുരക്ഷാ പരിശേധനകള്‍ക്കായി ഷട്ടറുകള്‍ തുറക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളിക്കളഞ്ഞിരിക്കുകയാണ്. അണക്കെട്ടിന്മേലുള്ള ഒരു പരിശോധനയോടും ഇതുവരെ തമിഴ്നാട് അനുകൂലിച്ചിട്ടില്ല. ഈ വിഷയത്തില്‍ കേരളത്തിന്റെ പ്രതിഷേധം മേല്‍നോട്ട സമിതിയെ കേരളം അറിയിക്കും. ഇന്നലെ അണക്കെട്ടിലെ ജലനിരപ്പ് 139.5 അടിയായി. ഒരു മിനിറ്റില്‍ 129.917 ലിറ്റര്‍ ജലമാണ് ചോര്‍ച്ചയിലൂടെ പുറത്തേക്കൊഴുകുന്നത്.
സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസംഘത്തിന്റെ പരിശോധനകളെല്ലാം അട്ടിമറിക്കപ്പെട്ടു. ചോര്‍ച്ചയിലൂടെ പുറന്തള്ളുന്ന സുര്‍ക്കി മിശ്രിതത്തിന്റെ അളവ് തിട്ടപ്പെടുത്താന്‍ ഉപസമിതി തമിഴ്നാടിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണു തീരുമാനമെടുത്തത്. സ്വീപ്പേജ് വാട്ടറിന്റെ കാര്യത്തിലും ഇതായിരുന്നു സ്ഥിതി.