മുല്ലപ്പെരിയാര്‍ വിഷയം: മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ കാണും

Webdunia
വെള്ളി, 11 ഡിസം‌ബര്‍ 2015 (08:31 IST)
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ അനുമതി ലഭിച്ചിരിക്കുന്നത്. മുന്നറിയിപ്പില്ലാതെ ഡാമിന്റെ ഷട്ടറുകള്‍ തുറന്നതടക്കമുള്ള തമിഴ്‌നാടിന്റെ നിരുത്തരവാദപരമായ നടപടികളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.
 
ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. പൊതുബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട കേരളത്തിന്റെ ആവശ്യങ്ങള്‍ ധനമന്ത്രിയെ അറിയിക്കും. പാലക്കാട് കോച്ച് ഫാക്‌ടറിയില്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ പങ്കാളിത്തം ആവശ്യപ്പെട്ട് സ്റ്റീല്‍ മന്ത്രി നരേന്ദ്ര സിംഗ് തോമറിനെയും മുഖ്യമന്ത്രി കാണും. നേരത്തെ 70 ശതമാനം ഓഹരി പദ്ധതിയില്‍ വഹിക്കാമെന്ന് സെയില്‍ ഉറപ്പ് നല്കിയിരുന്നു.
 
വ്യോമയാനമന്ത്രി അശോക് ഗണപതി രാജു, കൃഷിമന്ത്രി രാധാ മോഹന്‍ സിംഗ്, ആരോഗ്യമന്ത്രി ജെ പി നദ്ദ, ഗ്രാമ വികസന മന്ത്രി ചൌധരി ബൈരേന്ദര്‍ സിംഗ് തുടങ്ങിയവരുമായും മുഖ്യമന്ത്രിയും സംഘവും കൂടിക്കാഴ്ച നടത്തും.