കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ട എന്ന നിലപാട് സിപിഎം പതനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിയുടെ സുപ്രാധാനമായ കേന്ദ്ര കമ്മിറ്റി യോഗം നടക്കുമ്പോള്‍ അവിടെ സി.പിഎമ്മിന്റെ ഏക ഭരണം നിലനില്‍ക്കുന്ന സംസ്ഥാനത്തെക്കുറിച്ച് വിശദമായ ചര്‍ച്ചയും സത്യസന്ധമായ വിലയിരുത്തലുകളും നടത്തേണ്ടതായിരുന്നു. എന്നാല്‍ അത് ഉണ്ടായില്ലെന്ന് മാത്രമല്ല പാര്‍ട്ടി സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും വെള്ളപൂശാനാണ് ശ്രമിച്ചത്. ഈ പാര്‍ട്ടിയെ ആര്‍ക്കും രക്ഷിക്കാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
വി.എസ് അച്യുതാനന്ദന്‍ നട്ടെല്ലുള്ള നേതാവായിരുന്നു,അങ്ങനെയുള്ള നേതാക്കള്‍ക്ക് ആര്‍ജവത്തോടെ സംസാരിക്കാനാകാത്തതാണ് സി.പി.എമ്മിന്റെ ദുരന്തത്തിന് കാരണമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. ആര്‍ജ്ജവ ബോധമുള്ള ചോദ്യം ചെയ്യുന്ന ഒരു തലമുറയാണ് സി.പിഎമ്മിന് ആവശ്യമുള്ളത്, നിര്‍ഭാഗ്യവശാല്‍ ആ തലമുറ ഇന്ന് സി.പി.എമ്മിന് നഷ്ടമായിരിക്കുന്നു. കലാപത്തിന്റെ കൊടി ഉയര്‍ത്തുന്ന ആളുകളെ അരിഞ്ഞു തള്ളുക എന്ന പാര്‍ട്ടിയുടെ പാരമ്പര്യ അറിയാവുന്നതുകൊണ്ടാണോ യുവ നേതാക്കാള്‍ വിഷയങ്ങളില്‍ സത്യസന്ധമായി പ്രതികരിക്കാത്തത് എന്നും അദ്ദേഹം ചോദിച്ചു.