മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാച്ചുമതല സിഐഎസ്എഫിനു നല്‍കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് തമിഴ്‌നാട് നല്‍കിയ ഇടക്കാല അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എച്ച്എല്‍ ദത്തു അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് അപേക്ഷ പരിഗണിക്കുന്നത്.
കേരളം ആവശ്യപ്പെട്ടാലല്ലാതെ മുല്ലപ്പെരിയാറിന്റെ സുരക്ഷയ്ക്കായി സിഐഎസ്എഫിനെ ചുമതലപ്പെടുത്തേണ്ട കാര്യമില്ലെന്ന് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അണക്കെട്ടിന്റെ സുരക്ഷയ്ക്കായി സിഐഎസ്എഫിനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് 2014 നവംബറിലാണ് തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ സിഐഎസ്എഫിന്റെ ആവശ്യമില്ലെന്നു കാട്ടി മാര്‍ച്ചില്‍ കേരളം സത്യവാങ്മൂലം നല്‍കി.
കേരളം പുതിയ അണക്കെട്ടിനായി നടത്തുന്ന പരിസ്ഥിതി ആഘാത പഠനം തടയണമെന്നും, അണക്കെട്ടിലൂടെ വള്ളക്കടവിലേയ്ക്ക് പുതിയ റോഡിനുള്ള അനുമതി നല്‍കണമെന്നുമാണ് മറ്റു അപേക്ഷകള്‍. എന്നാല്‍ വനമേഖലയിലൂടെയുള്ള റോഡ് അനുവധിക്കാനാകില്ലെന്നാണ് കേരളത്തിന്റെ നിലപാട്. ഇതാദ്യമായാണ് പരിസ്ഥിതി ആഘാത പഠനത്തിനെതിരെയുള്ള അപേക്ഷ പരിഗണനയ്ക്കു വരുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സി.ഐ.എസ്.എഫ് സുരക്ഷ വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിലാണ് നിലപാട് അറിയിച്ചത്. അണക്കെട്ടിന്റെ സുരക്ഷ തീരുമാനിക്കേണ്ടത് കേരളമാണ്. കേരളം ആവശ്യപ്പെടാതെ സിഐഎസ്എഫ് സുരക്ഷ അനുവദിക്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്‌ച വ്യക്തമാക്കിയിരുന്നു.
ക്രമസമാധാനപാലനം സംസ്ഥാന സര്‍ക്കാരുകളുടെ അധികാരപരിധിയിലാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് കേരളാ പൊലീസും വനംവകുപ്പും ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷ തൃപ്തികരമാണ്. അണക്കെട്ട് സ്ഥിതി ചെയ്യുന്നത് കേരളത്തിലാണ് അതിനാല്‍ സുരക്ഷയുടെ കാര്യം കേരളത്തിന് തീരുമാനിക്കമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.