മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്: കേരളത്തിന്റെ അപേക്ഷ ഉടൻ പരിഗണിക്കില്ല

Webdunia
വെള്ളി, 26 ജൂണ്‍ 2015 (11:26 IST)
മുല്ലപ്പെരിയാറിൽ‌ പുതിയ അണക്കെട്ട് വേണമെന്ന കേരത്തിന്റെ അപേക്ഷ ഉടൻ പരിഗണിക്കില്ലെന്ന് വനം പരിസ്ഥിതി മന്ത്രാലയം. തമിഴ്നാടിന്റെ ഹർജിയിൽ തീരുമാനമായതിനു ശേഷം മാത്രമേ അപേക്ഷ പരിഗണിക്കൂ. അതിനു മുമ്പ്  തീരുമാനമെടുത്താൽ അത് കോടതിയലക്ഷ്യമാകുമെന്നും വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മേയിലാണ് കേരളം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നൽകിയത്. പാരിസ്ഥിതിക അനുമതി നൽകണമെന്നായിരുന്നു ആവശ്യം.

പുതിയ അണക്കെട്ടിനായി പരിസ്‌ഥിതി പഠനം നടത്താൻ കേരളത്തെ അനുവദിക്കാവുന്നതാണെന്ന് ദേശീയ വന്യജീവി ബോർഡിന്റെ (എൻബിഡബ്ള്യുഎൽ) സ്‌ഥിരം സമിതി കഴിഞ്ഞ ഓഗസ്‌റ്റിൽ ശുപാർശ ചെയ്‌തിരുന്നു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് സ്‌ഥാപിക്കാനുദ്ദേശിക്കുന്ന സ്‌ഥലത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിലെ പരിസ്‌ഥിതി പഠനത്തിന് അനുമതിക്കുള്ള ശുപാർശ കഴിഞ്ഞ ഡിസംബർ മൂന്നിന് വനം – പരിസ്‌ഥിതി മന്ത്രാലയം പരസ്യപ്പെടുത്തി.

എന്നാൽ, വന്യജീവി ബോർഡിന്റെ ശുപാർശയുടെ അടിസ്‌ഥാനത്തിൽ ഡ്രില്ലിങ് ഉൾപ്പെടെയുള്ള പ്രവൃത്തികളും പഠനങ്ങളും നടത്തുന്നതിൽനിന്നു കേരളത്തെ വിലക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.