സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. വിദേശത്തു നിന്ന് എത്തിയ എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ മലപ്പുറം സ്വദേശിയായ 38 കാരന് രോഗം സ്ഥിരീകരിച്ചതിന് പിറകെയാണ് മറ്റൊരാള്‍ക്ക് കൂടി രോഗം കണ്ടെത്തിയിരിക്കുന്നത്.
ചികിത്സയില്‍ കഴിയുന്ന യുവാവിന് ക്ലേഡ് വണ്‍ ബി വകഭേദമാണ് ബാധിച്ചത്. യുഎഇയില്‍ നിന്ന് അടുത്തിടെ കേരളത്തിലെത്തിയ യുവാവ് പനിയും മറ്റു രോഗലക്ഷണങ്ങളെയും തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംപോക്‌സ് സ്ഥിരീകരിച്ചത്.
എംപോക്‌സ് രോഗബാധയുടെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്ലേഡ് രണ്ടിനെക്കാള്‍ അപകടകാരിയാണ് ക്ലേഡ് 1 എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. എംപോക്‌സ് സംശയിക്കുന്നവരുടെ സാംപിളുകള്‍ ഉടന്‍ പരിശോധനയ്ക്ക് അയക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. രോഗവ്യാപന രീതി, പ്രതിരോധം എന്നിവയെ കുറിച്ച് ആളുകളെ ബോധവത്ക്കരിക്കുക, ആശുപത്രികളില്‍ ഐസൊലേഷന്‍ സംവിധാനം ഒരുക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്.