കേരള പൊലീസ് അക്കാദമിയിൽ അപ്രഖ്യാപിത ബീഫ് നിരോധനം; സര്‍ക്കാര്‍ സംഘപരിവാർ അജണ്ടയ്ക്കു മുന്നിൽ തലകുനിച്ചുവെന്ന് എംബി രാജേഷ് എംപി

ചൊവ്വ, 3 നവം‌ബര്‍ 2015 (14:10 IST)
കേരള പൊലീസ് അക്കാദമിയിലെ അപ്രഖ്യാപിത ബീഫ് നിരോധനത്തിനെതിരെ എംബി രാജേഷ് എംപി രംഗത്ത്. കഴിഞ്ഞ ഒന്നരവര്‍ഷമായി ഇവിടത്തെഭക്ഷണ മെനുവില്‍ നിന്നും ബീഫ് ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സംഘപരിവാർ അജണ്ടയ്ക്കു മുന്നിൽ തലകുനിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ വ്യക്തമാക്കി.

തൃശൂരിലെ കേരള പൊലീസ് അക്കാദമിയിൽ അപ്രഖ്യാപിത ബീഫ് നിരോധനം. കഴിഞ്ഞ ഒന്നരവർഷമായി ഇവിടത്തെ ഭക്ഷണ മെനുവിൽ നിന്നും ബീഫ് ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. പർച്ചേസ് രജിസ്റ്റർ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ആർഎസ്സ്എസ്സിന്റെ ബീഫ് വിരുദ്ധ പ്രചാരണം ശക്തിപ്പെട്ടതിനെ തുടർന്നാണ് ഇപ്രകാരം ഒരു തീരുമാനമുണ്ടായിട്ടുള്ളത്. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സംഘപരിവാർ അജണ്ടയ്ക്കു മുന്നിൽ തലകുനിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്.’- രാജേഷ് പറയുന്നു.

എറണാകുളത്തെ മീറ്റ് പ്രോടക്റ്റ്‌സ് ഓഫ് ഇന്ത്യക്ക് നേരെയുണ്ടായ ഭീഷണിയെ പോലീസ് അവഗണിച്ചതും ശക്തമായ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്തത് ഇതോടൊപ്പം ചേർത്ത് വായിക്കാവുന്നതാണ്. ആർ.എസ്സ്.എസ്സ്. നിലപാട് പോലീസിലും അടിച്ചേൽപ്പിക്കുന്ന ആഭ്യന്തരമന്ത്രിയുടെ നിലപാട് ലജ്ജാകരമാണ്.’ ഈ നിലപാട് തിരുത്താനും വിലക്ക് പിൻവലിക്കാനും ഉടൻ തയ്യാറാകണമെന്നും എംബി രാജേഷ് ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക