കുറഞ്ഞ കൂലി 500 രൂപ, തന്നില്ലെങ്കില്‍ വീണ്ടും സമരം; പെമ്പിളൈ ഒരുമൈ

Webdunia
ശനി, 26 സെപ്‌റ്റംബര്‍ 2015 (09:05 IST)
തോട്ടം തൊഴിലാളികള്‍ക്ക് 500 രൂപ കുറഞ്ഞ കൂലി കിട്ടിയില്ലെങ്കില്‍ വീണ്ടും സമരം നടത്തുമെന്ന് മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകളുടെ സംഘമായ പെമ്പിളൈ ഒരുമൈ മുന്നറിയിപ്പ് നല്‍കി. വീണ്ടും സമരം നടത്തുകയാണെങ്കില്‍ എവിടെ വേണമെന്ന് പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അവര്‍ പറയുന്നു.

പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ സമരം നടത്തിയ അഞ്ച് തൊഴിലാളികള്‍ ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തി.   ഇന്ന് നടക്കുന്ന തൊഴിലാളികളുമായുള്ള ചര്‍ച്ചകളില്‍ തങ്ങളേയും പങ്കെടുപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ട് ഇവര്‍ മന്ത്രിയെ സമീപിച്ചിരുന്നു.

നേരത്തെ അംഗീകൃത യൂണിയനുകളും ഉടമകളും സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ മൂന്നാറില്‍ സമരം നടത്തിയ തൊഴിലാളികളെ ക്ഷണിച്ചിരുന്നില്ല. എന്നാല്‍ ഇന്നത്തെ ചര്‍ച്ചയിലും ഇവരെ പങ്കെടുപ്പിക്കാന്‍ സാധിക്കില്ല എന്നാണ് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പറയുന്നത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ അംഗങ്ങളല്ലാത്തതിനാലാണ് മൂന്നാറിലെ പെമ്പിളൈ ഒരുമൈയെ ചര്‍ച്ചക്ക് ക്ഷണിക്കാത്തതെന്നും മന്ത്രി പറഞ്ഞു.