നരേന്ദ്രമോഡി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന 26ന് കേരളത്തില്‍ ബിജെപി വിപുലമായ ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കുന്നു. അന്നേ ദിവസം ഇന്ത്യയൊട്ടാകെ നടക്കുന്ന ആഘോഷങ്ങളില്‍ ഒട്ടും മാറ്റുകുറയാതെ മഹാസംഭവം ആക്കാനുള്ള ശ്രമത്തിലാണ് കേരള ഘടകവും.
അതത് പ്രദേശത്തെ ബിജെപി ബൂത്ത്, വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആഘോഷം. പൊതുസമ്മേളനങ്ങള്‍ മുതല്‍ സേവന പ്രവര്‍ത്തനങ്ങള്‍ വരെ പലയിടത്തും നടക്കും. കൂടാതെ ലഡു, പായസ വിതരണം എല്ലായിടത്തും ഉണ്ടാകും.
കോഴിക്കോട്ടെ പ്രവര്‍ത്തകരാകട്ടെ അല്‍പ്പം കൂടി കടന്ന് ചിക്കന്‍ ബിരിയാണി വിതരണം ചെയ്യാനും തയ്യാറെടുക്കുന്നുണ്ട്. തിരുവനന്തപുരത്ത് അനാഥാലയങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യും. സംസ്ഥാനത്ത് മറ്റുപലയിടങ്ങളിലും പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷണക്കിറ്റുകളും വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്യും.
അന്നേദിവസം പല ക്ഷേത്രങ്ങളിലും നരേന്ദ്രമോഡിയുടെ പേരില്‍ അര്‍ച്ചന നടത്തും. മിക്കയിടത്തും വെടിക്കെട്ടുകളും ഉണ്ടാകും. സത്യപ്രതിജ്ഞ കൂട്ടായി കാണാന്‍ വലിയ സ്ക്രീനുകളും തയ്യാറാക്കും. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലും വലിയ സ്ക്രീനിലൂടെ സത്യപ്രതിജ്ഞ കാണാന്‍ അവസരം ഒരുക്കുന്നുണ്ട്. അതോടൊപ്പം ചെണ്ടമേളങ്ങളും വാദ്യഘോഷങ്ങളും ബൈക്ക് റാലികളും ആവേശത്തിന് മാറ്റുകൂട്ടും.