തന്നെ പരിഹസിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കണക്കിന് കളിയാക്കി മന്ത്രി എം എം മണി. മന്ത്രി മണിക്ക് 'വിദ്യുച്ഛക്തി' എന്ന് എഴുതാനറിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പരിഹസിച്ചത്. വിദ്യൂച്ഛക്തി എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം എന്ന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എംഎം മണി കുറിച്ചു.
ഭാഷാപാണ്ഡിത്യവും വിദ്യാസമ്പന്നതയും ഇല്ലെങ്കിലും നല്ല നിലയില്‍ കാര്യങ്ങള്‍ ചെയ്യാനുളള ആര്‍ജ്ജവവും ബുദ്ധിയും ഇച്ഛാശക്തിയും ഉണ്ട്. കടുത്ത വേനലില്‍ ഡാമുകള്‍ വറ്റി വരണ്ടപ്പോള്‍ പവര്‍കട്ടും ലോഡ്‌ഷെഡ്ഡിങ്ങുമില്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെ, പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്‌നം എലിയെ പിടിക്കുമോ എന്നതിലാണ് കാര്യം എന്നു പറഞ്ഞാണ് മണി ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.
എംഎം മണി പറയുന്ന കാര്യങ്ങള്‍ സംസ്ഥാനത്തിന് അപമാനകരമാണെന്നും വായില്‍ തോന്നുന്ന കാര്യങ്ങള്‍ വിളിച്ചു പറയുന്ന മന്ത്രിയെ കൊണ്ട് നാടിന് പ്രയോജനമില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.