അഞ്ചേരി ബേബി വധത്തില്‍ വി എസിന് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ല: എം എം മണി

Webdunia
ബുധന്‍, 28 ഡിസം‌ബര്‍ 2016 (12:02 IST)
അഞ്ചേരി ബേബി വധത്തില്‍ വി.എസ് അച്യുതാനന്ദന് പങ്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മന്ത്രി എം എം മണി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴും മന്ത്രിയായപ്പോഴും താൻ അഞ്ചേരി ബേബി വധ കേസിൽ പ്രതിയാണ്. ആ കൊലപാതകത്തില്‍ വി എസ് എന്തെങ്കിലും പങ്കുവഹിച്ചു എന്ന അഭിപ്രായം തനിക്കില്ലെന്നും മണി വ്യക്തമാക്കി. 
 
ഇക്കാര്യത്തില്‍ സംസ്ഥാനസെക്രട്ടറിയാണ് പാര്‍ട്ടിയുടെ അഭിപ്രായം പറയേണ്ടത്. അഞ്ചേരി ബേബി വധക്കേസ് തള്ളാനാണ് താന്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ താന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തിൽ തൽസ്ഥിതി തന്നെയാണ് ഇപ്പോളും തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
അഞ്ചേരി ബേബി വധക്കേസിൽ പ്രതിയായി തുടരുന്ന മന്ത്രി എം എം മണിയെ മന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് വി എസ് അച്യുതാനന്ദന്‍ കത്തയച്ചിരുന്നു. എന്നാല്‍ തലപോയാലും ന്യായമല്ലാത്തതൊന്നും താൻ പറയില്ല. അഞ്ചേരി ബേബി കൊല്ലപ്പെടുമ്പോൾ വി എസ് പാർട്ടി സെക്രട്ടറിയായിരുന്നു. കേസിൽ വി എസിന് പങ്കുണ്ടെന്ന് പറയാത്തത് തന്റെ മര്യാദയാണ്. ത്യാഗത്തിന്റെ കഥകൾ ആരും തന്നോട് പറയണ്ട. താനും ത്യാഗങ്ങൾ സഹിച്ചതാണ്. ത്യാഗത്തിന്റെ കഥ പറഞ്ഞ് താൻ ആരുടേയും പുറകേ പിച്ചച്ചട്ടിയുമായി പോയിട്ടില്ലെന്ന് മണി പ്രതികരിക്കുകയും ചെയ്തിരുന്നു
Next Article