'സിപിഐ എന്ന വിഴുപ്പു ചുമക്കേണ്ടകാര്യം സിപിഎമ്മിനില്ല’ : സിപിഐയ്ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എംഎം മണി

Webdunia
തിങ്കള്‍, 20 നവം‌ബര്‍ 2017 (09:26 IST)
സിപിഐയ്ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എംഎം മണി. സിപിഐ എന്ന വിഴുപ്പു ചുമക്കേണ്ടകാര്യം സിപിഎമ്മിനില്ലെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ-സിപിഎം തര്‍ക്കം പരിഹാരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശങ്ങള്‍ ഉണ്ടായത്.
 
തോമസ് ചാണ്ടി പ്രശ്നത്തില്‍ ഹീറോ ചമയാനുള്ള സിപിഐയുടെ ശ്രമം മര്യാദകേടാണെന്നും മുന്നണിമര്യാദ കാട്ടാൻ സിപിഐ തയാറാകണമെന്നും അദ്ദേഹം ചൂണ്ടികാട്ടി. മലപ്പുറത്ത് വണ്ടൂരില്‍ സിപിഎം ഏരിയാ സമ്മേളനത്തിന്റെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
 
കഴിഞ്ഞ ദിവസം സിപിഐക്കെതിരെ ആഞ്ഞടിച്ച് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ രംഗത്തെത്തിയിരുന്നു. സിപിഐ ചാമ്പ്യന്മാർ ചമയുന്നുവെന്നും പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഐ ഏതു മുന്നണിയിൽ ആയിരിക്കുമെന്ന് പറയാൻ ആകില്ലെന്നും ആനന്ദൻ വ്യക്തമാക്കി.
 
തോളത്തിരുന്ന് ചെവികടിക്കുന്ന പണിയാണ് സി പി ഐ ചെയ്തത്. ചാമ്പ്യന്മാർ തങ്ങളാണെന്നും സർക്കാർ മോശമാണെന്നും വരുത്തിതീർക്കാനുള്ള ശ്രമമാണ് സി പി ഐ നടത്തുന്നത്. രാജിവെച്ച തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പിണറായി വിജയൻ എന്തിനു സംരക്ഷിക്കണമെന്നും ആനന്ദൻ ചോദിക്കുന്നു.
 
സിപിഐക്ക് ഒറ്റയ്ക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല. സോളാർ കേസ് ഒത്തുതീർപ്പാക്കിയെന്ന് സി പി ഐ ആരോപിച്ചിരുന്നു. ഇപ്പോൾ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ എന്തുമറുപടിയാണ് സി പി ഐക്ക് നൽകാനുള്ളതെന്നും ആനത്തലവട്ടം ചോദിച്ചു. വലിയ വായിൽ സംസാരിച്ച് സർക്കാരിനെ ക്ഷീണിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article