സിഎ വിദ്യാർഥിനി മിഷേൽ ഷാജിയുടെ മരണവുമായി ബന്ധമില്ലെന്ന് കേസിൽ അറസ്റ്റിലായ പിറവം സ്വദേശിയായ ക്രോണിൻ അലക്സാണ്ടർ ബേബി. പള്ളിയില്‍ പോകുന്നുവെന്നാണ് മിഷേല്‍ അവസാനമായി പറഞ്ഞത്. സാധാരാണയുണ്ടാകുന്ന പ്രശ്നങ്ങള്‍ മാത്രമെ മിഷേലുമായി ഉണ്ടായിരുന്നുള്ളുവെന്നും ക്രോണിന്‍ പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ ക്രോണിന് ജാമ്യം നിഷേധിച്ചു. മാർച്ച് 28വരെ ഇയാളെ റിമാൻഡ് ചെയ്തു. നിരപരാധിയാണെന്ന വാദം ക്രോണിൻ കോടതിയിലും ആവര്‍ത്തിച്ചു. രണ്ടുവർഷമായി മിഷേലുമായി അടുപ്പത്തിലായിരുന്നുവെന്ന് ക്രോണിൻ വെളിപ്പെടുത്തി.
ക്രൈം ബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകിയിരുന്നില്ല. വേണമെങ്കില്‍ ക്രോണിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, കാണാതായ ദിവസം വൈകുന്നേരം മൂന്നോടെ മിഷേൽ ഷാജി ക്രോണിനുമായി സംസാരിച്ചു. ഇതിനുശേഷം ഹോസ്റ്റലിൽ നിന്നിറങ്ങിയ മിഷേൽ രാത്രി ഏഴരയോടെ ജീവനൊടുക്കിയെന്ന നിഗമനത്തിലാണ് പൊലീസ്. ക്രോണിൻ മാനസിക സമ്മർദത്തിലാക്കിയതാണ് കാരണമെന്നും പൊലീസ് വിശദീകരിക്കുന്നു.
എന്നാൽ ആറുമണിക്കു ശേഷം പള്ളിയിൽ നിന്നിറങ്ങിയ മിഷേൽ ഗോശ്രീ പാലത്തിലേക്ക് എങ്ങനെയെത്തിയെന്ന ചോദ്യത്തിനും ആത്മഹത്യയുടെ കാരണത്തിനും വ്യക്തമായ ഉത്തരം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.