ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വിഴിഞ്ഞം പദ്ധതിയെ എതിര്‍ത്തവരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്ന് കേന്ദ്ര തുറമുഖമന്ത്രി പൊന്‍ രാധാകൃഷ്‌ണന്‍. വിഴിഞ്ഞം പദ്ധതി നഷ്‌ടമാകുമെന്ന ആശങ്ക കേരളീയര്‍ക്കു വേണ്ടെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസ് ചാനലിന് നല്‌കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
വിഴിഞ്ഞം കേരളത്തിന്‍റെ പദ്ധതിയും കുളച്ചല്‍ തുറമുഖം കേന്ദ്രപദ്ധതിയുമാണ്. വിഴിഞ്ഞം നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ട. കേന്ദ്രം അന്നും ഇന്നും വിഴിഞ്ഞത്തിനൊപ്പമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞത്തും കുളച്ചലിലും തുറമുഖം വന്നാല്‍ ആരോഗ്യകരമായ മത്സരം നടക്കുമെന്നും രണ്ടിടത്തും വികസനത്തിന് വേഗം കൂടുമെന്നും അദ്ദേഹം പറഞ്ഞു. 35 കിലോമീറ്ററിനുള്ളില്‍ രണ്ട് തുറമുഖങ്ങള്‍ രാജ്യത്ത് വേറെയുമുണ്ടെന്നും പൊന്‍ രാധാകൃഷ്ണൻ പറഞ്ഞു.
ചെന്നൈയിലും എന്നൂരിലും തുറമുഖങ്ങളുണ്ട്. അതുപോലെ മുംബൈയിലും 30 കിലോ മീറ്ററിനുള്ളില്‍ രണ്ട് തുറമുഖങ്ങളുണ്ട്. രാജ്യത്ത് ഇനിയും തുറമുഖങ്ങള്‍ ആവശ്യമാണെന്നും അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.