മന്ത്രി മഞ്ഞളാംകുഴി അലിയുടെ അനുയായികള്‍ സിപി‌എമ്മിലേക്ക്

Webdunia
ബുധന്‍, 28 മെയ് 2014 (08:49 IST)
മന്ത്രി മഞ്ഞളാംകുഴി അലിയുടെ അടുത്ത അനുയായികള്‍ ഉള്‍പ്പെടെയുള്ളവര്‍ മുസ്ലിംലീഗ്‌ വിട്ട്‌ സിപിഎമ്മിലേക്ക്‌. അലിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ്‌ അദ്ദേഹത്തിന്റെ ജന്മനാടായ രാമപുരം പനങ്ങാങ്ങര മേഖലയിലുള്ളവര്‍ സിപി‌എമ്മിലേക്ക് ചേക്കേറുന്നത്. 
 
പുഴക്കാട്ടിരി പഞ്ചായത്തിലെ മുന്‍ ഡിവൈഎഫ്‌ഐ നേതാവും അലിയുടെ അടുത്ത അനുയായിയുമായ പിടി ബഷീറിന്റെ നേതൃത്വത്തിലാണ് സിപിഎമ്മില്‍ ചേരുന്നത്‌. മണ്ഡലത്തിന്റെ വിവിധഭാഗങ്ങളില്‍ ഇതേ പോലുള്ള നീക്കം ഉടനുണ്ടാകുമെന്നും അണിയറപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും ബഷീര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
 
രാമപുരം ടൗണ്‍ പരിസരത്തു നാളെ വൈകിട്ട്‌ ആറിനു നടക്കുന്ന സ്വീകരണ സമ്മേളനം സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം ഇപി ജയരാജന്‍ ഉദ്‌ഘാടനം ചെയ്യും. എംഎല്‍എമാരായ കെടി ജലീല്‍, പി ശ്രീരാമകൃഷ്‌ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.