ജലീലിനെ പുറത്താക്കണമെന്ന് ചെന്നിത്തലയും മുല്ലപ്പള്ളിയും

ജോൺസി ഫെലിക്‌സ്
വെള്ളി, 9 ഏപ്രില്‍ 2021 (22:18 IST)
ബന്ധുനിയമന ആരോപണത്തിൽ ലോകായുക്‌ത കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മന്ത്രി കെ ടി ജലീലിനെ പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും. ജലീലിനെ സംരക്ഷിച്ചത് മുഖ്യമന്ത്രിയാണെന്നും ജലീലിൽ നിന്ന് രാജി വാങ്ങാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
 
വിവാദമുണ്ടായപ്പോൾ ജലീലിനെ സംരക്ഷിച്ച മുഖ്യമന്ത്രി ഇപ്പോഴെങ്കിലും അദ്ദേഹത്തെ പുറത്താക്കാൻ തയ്യാറാകുമോയെന്ന് മുല്ലപ്പള്ളി ചോദിച്ചു. അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും നടത്തിയ ജലീൽ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
 
ബന്ധുനിയമന ആരോപണത്തിൽ കഴമ്പുണ്ടെന്നും മന്ത്രി കെ ടി ജലീൽ പക്ഷപാതം കാട്ടിയെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട് ലോകായുക്‌ത മുഖ്യമന്ത്രിക്ക് സമർപ്പിക്കും.
 
ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജരായി മന്ത്രി ജലീലിൻറെ ബന്ധുവായ കെ ടി അദീപിനെ നിയമിച്ചതാണ് വിവാദമായത്. ബന്ധുവിനെ നിയമിക്കാനായി തസ്‌തികയുടെ യോഗ്യതകളിൽ ഇളവുവരുത്തിയെന്നാണ് ആരോപണം.

അനുബന്ധ വാര്‍ത്തകള്‍

Next Article