നിപ സമ്പര്‍ക്ക പട്ടികയില്‍ 175 പേര്‍;74 പേരും ആരോഗ്യപ്രവര്‍ത്തകര്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2024 (20:38 IST)
നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ 175 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭ്യമാകാനുള്ളതായും മന്ത്രി അറിയിച്ചു.
 
മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് (സെപ്റ്റംബര്‍ 16) രാവിലേയും വൈകുന്നേരവും ഓണ്‍ലൈനായി നിപ അവലോകന യോഗം ചേര്‍ന്നു. നിപ ജാഗ്രതയെ തുടര്‍ന്ന് മലപ്പുറം സര്‍ക്കാര്‍ അതിഥി മന്ദിര കോമ്പൗണ്ടില്‍ കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടാം.
 
മരണപ്പെട്ട 24കാരന്റെ യാത്രാ വിവരങ്ങളും സമയവും അടങ്ങിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ റൂട്ട് മാപ്പ് പരിശോധിച്ച ശേഷം സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവര്‍ കണ്‍ട്രോള്‍ സെല്ലില്‍ അറിയിക്കണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍