സർക്കാർ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടൂർ മൈക്രോ ഫിനാൻസ് തട്ടിപ്പ് ഒതുക്കിത്തീർക്കാൻ എസ്എൻഡിപി യൂണിയൻ നീക്കം ആരംഭിച്ചു. അഞ്ചുകോടി രൂപയുടെ തട്ടിപ്പ് കേസ് ഒതുക്കി തീര്‍ക്കാന്‍ എസ്എൻഡിപി ബാങ്കിമായി ബന്ധപ്പെട്ടു. തട്ടിപ്പിനിരയായവരുടെ ബാധ്യത മുഴുവൻ അടയ്‌ക്കാന്‍ അനുവദിക്കണമെന്ന് കാട്ടി ബാങ്കിന് എസ്എൻഡിപി താലൂക്ക് യൂണിയൻ കത്ത് അയക്കുകയും ചെയ്‌തു.
2013ല്‍ മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ നിന്ന് പണം കടമെടുത്ത 5000ത്തോളം കുടുംബങ്ങൾക്കാണ് ബാങ്ക് നോട്ടീസ് അയച്ചത്. മൈക്രോ ഫിനാന്‍സ് പദ്ധതി പ്രകാരവും സ്വപ്നഗൃഹ പദ്ധതി പ്രകാരവും വായ്പ എടുത്തവര്‍ യൂണിയന്‍ ഓഫിസിലാണ് പലിശ സഹിതം തുക തിരിച്ചടച്ചിരുന്നത്. എന്നാല്‍ ഇത് ബാങ്കില്‍ യൂണിയന്‍ ഭാരവാഹികള്‍ അടക്കാതെ തട്ടിപ്പു നടത്തുകയായിരുന്നു.
ഇതു വൻപ്രതിഷേധങ്ങൾക്ക് ഇടയാക്കിയതോടെ മൈക്രോ ഫിനാന്‍സ് പദ്ധതിയിലെ അഴിമതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. അന്വേഷണം നടത്തിയാല്‍ കൂടുതല്‍ ഇടപാടുകള്‍ പുറത്തുവരുമെന്ന സാഹചര്യം സംജാതമായതോടെ
എസ്എൻഡിപി യൂണിയൻ തട്ടിപ്പ് ഒതുക്കിത്തീർക്കാൻ ശ്രമം നടത്തുകയായിരുന്നു.