തട്ടിപ്പു കേസിലെ പ്രതിയുമായിട്ടാണ് പ്രധാനമന്ത്രി വേദി പങ്കിടുന്നത്: പിണറായി

Webdunia
ഞായര്‍, 13 ഡിസം‌ബര്‍ 2015 (15:29 IST)
മുന്‍മുഖ്യമന്ത്രിയും മുന്‍ കെപിസിസി അധ്യക്ഷനുമായ ആര്‍ ശങ്കറിന്റെ പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയ നടപടിയെ വിമര്‍ശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഫേസ്‌ബുക്കില്‍. പ്രധാനമന്ത്രി മൈക്രോ ഫിനാൻസ് തട്ടിപ്പു കേസിലെ പ്രതിയുമായാണ് വേദി പങ്കിടുന്നത്. ഉമ്മന്‍ ചാണ്ടിയുടെ അയോഗ്യത തെളിയിക്കുന്ന രഹസ്യമായ എന്തു തെളിവാണ് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചതെന്നും പോസ്‌റ്റിലൂടെ പിണറായി ചോദിച്ചു.

ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ശങ്കർ പ്രതിമ അനാച്ഛാദന ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് ഔദ്യോഗികമായി കത്തയച്ചത്. ആ ക്ഷണപ്രകാരം കേരളത്തിൽ എത്തുന്ന മോഡി അതേ മുഖ്യമന്ത്രി തന്നോടൊപ്പം വേദി പങ്കിടേണ്ടതില്ല എന്നു തീരുമാനിച്ചതിനു പിന്നിലെ കാരണം എന്താണ്? ഉമ്മൻ ചാണ്ടിയുടെ അയോഗ്യത തെളിയിക്കുന്ന രഹസ്യമായ എന്തു തെളിവാണ് കേന്ദ്ര സർക്കാരിന് ലഭിച്ചത് എന്ന് അറിയാൻ ജനങ്ങൾക്കാകെ ആഗ്രഹമുണ്ട്. മുഖ്യമന്ത്രിയെ അയിത്തം കൽപിച്ച് മാറ്റിനിർത്തുന്ന പ്രധാനമന്ത്രി മൈക്രോ ഫിനാൻസ് തട്ടിപ്പു കേസിലെ പ്രതിയുമായാണ് വേദി പങ്കിടുന്നത്.

ഉമ്മൻ ചാണ്ടി കേരളത്തെ അപമാനിക്കുമ്പോൾ വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണ ഗുരുവിനെ അവഹേളിക്കുന്നു. ഇത്തരം ഹീനമായ കളികൾക്ക് ശ്രീനാരായണ ഗുരുവിന്റെ പേരും പാരമ്പര്യവും ഉപയോഗിക്കുന്ന വെള്ളാപ്പള്ളിയെ തുറന്നു കാട്ടാനും വെള്ളാപ്പള്ളിയു.ടെ മറവിൽ വർഗീയ അജണ്ട നടപ്പാക്കുന്ന ആർ എസ് എസിനെ ഒറ്റപ്പെടുത്താനും ശ്രീനാരയണീയർ മുന്നിൽ നിൽക്കണം. വെള്ളാപ്പള്ളിയുടെ വർഗീയ വിദ്വേഷ പ്രചാരണത്തിനെതിരെ യഥാവിധി നിയമ നടപടി എടുക്കാതെ ഒളിച്ചുകളിച്ച യുഡിഎഫ് സർക്കാരിന്റെ ദൗർബല്യമാണ് ഈ ദുരവസ്ഥ സൃഷ്ടിച്ചത്. വർഗീയതയ്ക്കും അതിന്റെ കുടിലതകൾക്കും വിനീതവിധേയമായി കീഴടങ്ങിയതിന്റെ കൂലിയാണ് ഉമ്മൻ ചാണ്ടിക്ക് കിട്ടുന്നത്.