കോട്ടയത്തിന് പുറമേ വയനാടും എംപിയില്ലാത്ത മണ്ഡലമാകുന്നു; ഷാനവാസിന് പകരം വയനാട്ടിലേക്ക് കോഴിക്കോട് ഡിസിസി പ്രസിഡന്റ് സിദ്ദിഖ്?
ബുധന്‍, 21 നവംബര്‍ 2018 (11:59 IST)
കെപിസിസി വർക്കിംഗ് പ്രസിഡന്റും വയനാട് എംപിയുമായ എംഐ ഷാനവാസ് (67) അന്തരിച്ചതിനെത്തുടർന്ന് വയനാടും എംപിയില്ലാത്ത മണ്ഡലമായി. ലോക്‌സഭാംഗമായ ജോസ് കെ മാണി രാജ്യസഭാംഗമായി പോയ സാഹചര്യത്തില്‍ ഏറെക്കാലമായി കോട്ടയം എംപി സ്ഥാനവും ഒഴിഞ്ഞു കിടക്കുകയായിരുന്നു.
2019 മേയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതുകൊണ്ടും അതിന് മാസങ്ങൾ മാത്രം ശേഷിക്കുന്നതുകൊണ്ടും ഈ രണ്ടു മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പിനും സാധ്യതയുമില്ലാതായിരിക്കുകയാണ്.
അതേസമയം, വയനാട്ടില്‍ ഷാനവാസിനു പകരമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖിന്റെ പേരാണ് കൂടുതലായും ഉയര്‍ന്നുകേൾക്കുന്നത്. എന്നാല്‍ ഇവിടെ വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് തീരുമാനമെങ്കില്‍ ഷാനിമോള്‍ ഉസ്മാനാകും നറുക്കുവീഴുക.
കരൾ മാറ്റ ശസ്ത്രക്രിയയ്‌ക്കു ശേഷമുണ്ടായ അണുബാധയെത്തുടർന്നു ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് മരിച്ചത്.
മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്കു ശേഷം ചെന്നൈയില്‍നിന്ന് വിമാനമാര്‍ഗം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ നൂര്‍ജഹാന്‍ മന്‍സിലില്‍ എത്തിക്കും. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് എറണാകുളം തോട്ടത്തുംപടി പള്ളി ഖബറിസ്ഥാനിൽ.