വാക്കുതർക്കത്തിനിടെ മകൻ മാതാവിന്റെ കൈ തല്ലിയൊടിച്ചു
കൊല്ലം: വയോധികയായ മാതാവിനെ ആക്രമിച്ചു കൈ തല്ലിയൊടിച്ച സംഭവവുമായി ബന്ധപ്പെട്ടു മകനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം തെക്കുംഭാഗത്തെ തോട്ടത്തിൽ പടിഞ്ഞാറ്റേതിൽ ജോൺ എന്ന 40 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മാതാവ് ഡെയ്‌സിയുമായി ഉണ്ടായ വാക്കുതർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു. ഏറെ നാളായി മാതാവ് ഡെയ്‌സി മകളുടെ വീട്ടിലായിരുന്നു. കഴിഞ്ഞ ദിവസം ജോൺ സഹോദരിയുടെ വീട്ടിലെത്തുകയും മാതാവുമായി വാക്കു തർക്കം ഉണ്ടാവുകയുമായിരുന്നു.
കൈവശം ഉണ്ടായിരുന്ന ഫൈബർ വടികൊണ്ടാണ് ഇയാൾ മാതാവിന്റെ കൈ തല്ലിയോടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഡെയ്സിയെ മേവറത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.