കൊച്ചി മെട്രോയ്‌ക്കുള്ള കോച്ചുകള്‍ കൈമാറി. ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോമിന്റെ ആന്ധ്രപ്രദേശിലെ വ്യവസായ ശാലയില്‍ കേന്ദ്ര നഗരവികസനമന്ത്രി വെങ്കയ്യ നായിഡുവാണ് കോച്ചുകള്‍ കേരളത്തിന് കൈമാറിയത്.
മന്ത്രി ആര്യാടന്‍ മുഹമ്മദ്, കെ വി തോമസ് എം പി, എം എല്‍ എമാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, ഡി എം ആര്‍ സി മുഖ്യ ഉപദേഷ്‌ടാവ് ഇ ശ്രീധരന്‍, അല്‍സ്റ്റോം ഇന്ത്യ മേധാവി ഭരത് സല്‍ഹോത്ര, കെ എം ആര്‍ എല്‍ എം ഡി ഏലിയാസ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ മെട്രോ കോച്ചാണ് ഇതെന്ന് ചടങ്ങില്‍ വെങ്കയ്യ നായിഡു പറഞ്ഞു. മൂന്നു കോച്ചുകളാണ് തയ്യാറാക്കിയിരിക്കുന്നത്. പത്തു ദിവസം കൊണ്ട് ട്രെയിലറുകളില്‍ റോഡുമാര്‍ഗം ഇവ ആലുവയില്‍ എത്തിക്കും.
ഗതാഗതക്കുരുക്കുകള്‍ ഒഴിവാക്കാന്‍, രാത്രിസമയത്തു മാത്രമായിരിക്കും, ട്രെയിലറുകളുടെ യാത്ര. കൊച്ചിയില്‍ മുട്ടത്തുള്ള യാര്‍ഡിലെത്തിച്ച ശേഷമായിരിക്കും കോച്ചുകള്‍ പരസ്‌പരം കൂട്ടി യോജിപ്പിക്കുക. 22 മീറ്റര്‍ നീളവും രണ്ടരമീറ്റര്‍ വീതിയും രണ്ടുമീറ്റര്‍ ഉയരവുമാണ് കൊച്ചി മെട്രോയുടെ ഒരു കോച്ചിനുള്ളത്.