എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കും; മേപ്പാടി ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം

രേണുക വേണു

ബുധന്‍, 19 മാര്‍ച്ച് 2025 (15:10 IST)
വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഏഴ് കുട്ടികള്‍ക്കും മാതാപിതാക്കളില്‍ ഒരാള്‍ മാത്രം നഷ്ടപ്പെട്ട 14 കുട്ടികള്‍ക്കും പഠനാവശ്യത്തിനുവേണ്ടി മാത്രം 10 ലക്ഷം രൂപ വീതം അനുവദിക്കും. 18 വയസ്സുവരെ തുക പിന്‍വലിക്കാന്‍ കഴിയില്ലെന്ന വ്യവസ്ഥയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് ധനസഹായം. വനിതശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമെയാണിത്.
 
തുക ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് പ്രതിമാസ പലിശ ബന്ധപ്പെട്ട കുട്ടിയുടെ രക്ഷകര്‍ത്താവിന് ഓരോ മാസവും നല്‍കുന്നതിന് വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. 
 
അതേസമയം വയനാട് ടൗണ്‍ഷിപ്പ് പദ്ധതികളുടെ നടത്തിപ്പിനായി രൂപീകരിച്ച പദ്ധതി നിര്‍വ്വഹണ യൂണിറ്റില്‍ വിവിധ തസ്തികള്‍ അനുവദിച്ചു. അക്കൗണ്ട്‌സ് ഓഫീസര്‍, സിവില്‍ എന്‍ജിനീയര്‍ എന്നീ തസ്തികകള്‍ സൃഷ്ടിക്കും.  ഫിനാന്‍സ് & അക്കൗണ്ട്‌സ് ഓഫീസര്‍ എന്ന തസ്തിക ഫിനാന്‍സ് ഓഫീസര്‍ എന്ന് പുനര്‍നാമകരണം ചെയ്യും. 
 
സ്റ്റാഫിന്റെ നിയമനം നടത്തുവാനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അനുമതി നല്‍കും. പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിന്റെ തലവനായി വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് സ്‌പെഷ്യല്‍ ഓഫീസറെ ചുമതലപ്പെടുത്തും.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍