അസ്വസ്ഥയായിരുന്നു, ഒരു അമ്മയുടെ സ്വാതന്ത്രത്തോടെയാണ് സംസാരിച്ചത്: വിവാദപരാമർശത്തിൽ ഖേദപ്രകടനവുമായി ജോസഫൈൻ

വ്യാഴം, 24 ജൂണ്‍ 2021 (19:29 IST)
വിവാദപരാമർശത്തിൽ ഖേദപ്രകടനവുമായി സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള വാർത്താക്കുറിപ്പ് വൈകുന്നേരമാണ് പുറത്തുവിട്ടത്.
 
അടുത്തിടെ സ്ത്രീകള്‍ക്ക് എതിരായി നടക്കുന്ന അതിക്രമങ്ങളില്‍ ഒരു സ്ത്രീ എന്ന നിലയിലും അമ്മ എന്ന നിലയിലും ഞാൻ അസ്വസ്ഥയായിരുന്നു. ഇതിനിടെയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ എന്ന നിലയില്‍ സ്വകാര്യ ചാനലിന്റെ ഫോണ്‍ ഇന്‍ പരിപാടിയില്‍ പങ്കെടുത്തത്. സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു പ്രതികരണം നടത്താമോ എന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. തിരക്കുള്ള ദിവസമായിട്ടും ഇതിൽ ഞാൻ പങ്കെടുത്തു.
 
ഇതിനിടെയാണ് എറണാകുളം സ്വദേശിനിയായ ഒരു സഹോദരി തന്നെ വിളിച്ച് അവരുടെ കുടുംബ പ്രശ്‌നം പറഞ്ഞത്. അവർ സംസാരിക്ക്യ്ന്നത് വ്യക്തമായി കേൾക്കാൻ സാധിക്കാത്തതിനാൽ അല്‍പ്പം ഉറച്ച് സംസാരിക്കാമോ എന്ന് ചോദിച്ചു. അപ്പോഴാണ് അവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല എന്ന് മനസിലായത്. ഒരു അമ്മയുടെ സ്വാതന്ത്ര്യത്തോടെ ഞാൻ ആ കുട്ടിയോട് അക്കാര്യത്തെ പറ്റി ചോദിച്ചു എന്നത് വസ്‌തുതയാണ്.
 
പരാതി കൊടുക്കാത്തതിലുള്ള ആത്മരോഷം കൊണ്ടാണ് അങ്ങനെ സംസാരിക്കേണ്ടിവന്നത്. എന്നാൽ പിന്നീട് അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് എനി‌ക്ക് ബോധ്യപ്പെട്ടു. . തന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചെങ്കില്‍ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു.  - ജോസഫൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. സ്വകാര്യ ചാനലിൽ ലൈവായി സംപ്രേക്ഷണം ചെയ്‌ത പരിപാടിക്കിടെ വനിത കമ്മീഷൻ അധ്യക്ഷയായ ജോസഫൈൻ നടത്തിയ പ്രതികരണത്തിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ഖേദപ്രകടനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍