മാവോയിസ്റ്റ് ഭീഷണിയെ കരുതലോടെ നേരിടുന്നതിന്റെ ഭാഗമായി മാവോയിസ്റ്റുകളുടെയും അവരെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നവരുടെയും പൂർണ്ണ പട്ടിക തയ്യാറാക്കാൻ ആഭ്യന്തര സുരക്ഷാ വിഭാഗം തയ്യാറെടുക്കുന്നു. തീവ്ര ഇടതുപക്ഷ സംഘടനകളുമായി പ്രത്യക്ഷമായും പരോക്ഷമായും നേരത്തെ ബന്ധമുള്ളവർ, സോഷ്യൽ മീഡിയകൾ വഴി ഇത്തരം സംഘടനകൾക്കുവേണ്ടി പ്രചാരണം നടത്തുന്നവർ, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവര്‍, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചില ഇടതു സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്ന തീവ്ര നിപപാടുള്ളവര്‍, പരിസ്ഥിതി പ്രവർത്തകര്‍, അന്യസംസ്ഥാന തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നാണ് മാവോയിസ്റ്റ് ബന്ധമുള്ളവരെ കണ്ടെത്താന്‍ ആഭ്യന്തര സുരക്ഷാ വിഭാഗം നീക്കാം നടത്തുന്നത്.
ഇവരെല്ലാം നിരീക്ഷണ വലയത്തിലാക്കി മാവോയിസ്റ്റുകൾക്ക് വേരുറപ്പിക്കാനാവാത്ത വിധം ശക്തമായ വേട്ടയ്ക്കാണ് ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നത്. ഇപ്പോൾ തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്നവരുടെ ബന്ധുക്കളും നിരീക്ഷണത്തിലാണ്. ഇവരെയെല്ലാം നിരീക്ഷിച്ച് സംശയമുള്ളവരുടെ പട്ടിക തയ്യാറാക്കലാണ് ആദ്യം ചെയ്യുക. ഇതിനായി ലോക്കൽ പൊലീസിനും സ്പെഷ്യൽ ബ്രാഞ്ചിനും നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇവര്‍ തയ്യാറാക്കുന്ന ലിസ്റ്റ് പരിശോധിച്ച ശേഷം സംശയകരമായ സാഹചര്യത്തിൽ വിവിധ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നവരുടെ പ്രത്യേകം ലിസ്റ്റാണ് രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കുന്നത്.