ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജ് വധക്കേസില്‍ മുഖ്യപ്രതി വിക്രമന്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് അന്വേഷണ സംഘം വെട്ടിലായി. മനോജ് വധത്തില്‍ പങ്കില്ലെന്നും. തന്റെ വ്യക്തിപരമായ വൈരാഗ്യത്തില്‍ മേലാണ് കൊല നടത്തിയെന്നുമുള്ള വിക്രമന്റെ മൊഴിയാണ് പൊലീസിനെ കുഴയ്ക്കുന്നത്.
അതേസമയം വിക്രമന്‍ പറയുന്നത് പൂര്‍ണ്ണമായും വിശ്വസിക്കണ്ട എന്ന നിലപാടിലാണ് അന്വേഷണ സംഘം. കേസ് വഴി തിരിച്ചു വിടാന്‍ വിക്രമന്‍ ബോധപൂര്‍വ്വം കുറ്റമേറ്റതാവാമെന്നും പൊലീസിന് സംശയമുണ്ട്. അതേസമയം വിക്രമനെ അന്വേഷണ സംഘം ഇന്ന് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരിക്കും പരിശോധന.
വിക്രമന്റെ കൈത്തണ്ടയിലും വയറിലും മുതുകിലും കണ്ട പൊള്ളലേറ്റ പാടുകള്‍ പരിശോധിക്കുന്നതിനാണിത്. ഫോറന്‍സിക് വിദഗ്ധനെ കൊണ്ടുതന്നെ പരിശോധിപ്പിച്ച് വ്യക്തത വരുത്തുന്നതിനുള്ള ശാസ്ത്രീയ പരിശോധനയാണ് ക്രൈംബ്രാഞ്ച് ഉദ്ദേശിക്കുന്നത്. മനോജ് സഞ്ചരിച്ച വാഹനത്തിന് നേരേ ബോബ് എറിഞ്ഞപ്പോളാണ് വിക്രമന് പൊള്ളലേറ്റതെന്ന് ക്രൈംബ്രാഞ്ചിന് സംശയമുണ്ട്.
ബോംബ് സ്‌ഫോടനത്തില്‍ നിന്നുള്ള പൊള്ളലാണെന്ന് പ്രാഥമിക പരിശോധനയില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്താണ് പൊള്ളലേറ്റതെന്ന നിലപാടിലാണ് വിക്രമന്.