മങ്കട കൂട്ടിലിൽ ഒരു സംഘം ആളുകളുടെ മർദ്ദനത്തിന് ഇരയായി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നാലുപേരെ പെരിന്തൽമണ്ണ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കുന്നശേരി നസീർ ഹുസൈൻ (41) കൊല്ലപ്പെട്ട കേസിലാണ് അറസ്‌റ്റ്. മങ്കട സ്വദേശികളായ പട്ടിക്കുത്ത് അബ്‌ദുൽ ഗഫൂർ (48), വേണ്ണേങ്കുത്തിൽ ഷഫീഖ് (30), ഷംസുദ്ദീൻ (29), അബ്‌ദുൽ നാസർ (36) എന്നിവരാണ് അറസ്‌റ്റിലായത്.
കൊല നടന്ന വീട്ടിലുണ്ടായിരുന്ന സ്ത്രീയുടെ ഭർതൃസഹോദരനാണ് ഒന്നാം പ്രതി. മറ്റുപ്രതികൾ അയൽക്കാരും സുഹൃത്തുക്കളുമാണ്. പ്രതികൾ വിദേശത്തു പോകാതിരിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചു വരുന്നതായും പൊലീസ് അറിയിച്ചു.
സസീറിന്റെ വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള കുട്ടിഹസന്‍ എന്നയാളുടെ വീട്ടില്‍വച്ചായിരുന്നു കൊലപാതകം നടന്നത്. കുട്ടിഹസന്‍ ഗള്‍ഫിലായിരുന്നതിനാല്‍ ഇയാളുടെ ഭാര്യ മാത്രമെ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. പുലര്‍ച്ചെ ഈ വീട്ടില്‍ നസീര്‍ എത്തിയതറിഞ്ഞ് സമീപവാസികളായ ഏഴോളം പേര്‍ ഇവിടെയെത്തുകയും വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
വാതില്‍ തുറക്കാന്‍ നസീര്‍ മടി കാണിച്ചതോടെ ഏഴംഗസംഘം വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറുകയായിരുന്നു. തുടര്‍ന്ന് വടികൊണ്ടും മറ്റും നസീറിനെ സംഘം മര്‍ദ്ദിച്ചു. ഭിത്തിയില്‍ തലയിടിപ്പിച്ചും വടികള്‍ കൊണ്ടുള്ള ആക്രമണത്തിലും നസീര്‍ അവശനായി. മുറിയിലെ ഭിത്തിയിലും തറയിലും രക്‍തം വീണതോടെ വീടിനു പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി മര്‍ദ്ദനം തുടര്‍ന്നു.
നസീറിന്റെ ദേഹമാകെ അടിയേറ്റ് ചതഞ്ഞിരുന്നു. തലയിൽ ആഴത്തിലുള്ള നാലു മുറിവുകളുണ്ട്. ഇരുകൈകളും തോൾ മുതൽ കൈവിരലുകൾവരെ അടിച്ചുതകർത്ത നിലയിലാണെന്നും പൊലീസ് അറിയിച്ചിരുന്നു. തുടർച്ചയായി തല ചുവരിൽ ഇടിപ്പിച്ചെന്നു തോന്നിപ്പിക്കുന്ന തരത്തിൽ ചുവരിൽ മുടിയും രക്തവും കട്ടപിടിച്ചിട്ടുള്ളതും കണ്ടെത്തിയിരുന്നു.