കുട്ടികളുടെ മേല്‍ പിശാചുബാധയുണ്ടെന്ന് പറഞ്ഞ് പീഡനം: വ്യാജ പാസ്റ്റര്‍ പിടിയില്‍
ബുധന്‍, 23 മാര്‍ച്ച് 2016 (10:34 IST)
പ്രായപൂര്‍ത്തിയാവാത്ത സഹോദരങ്ങളായ ബാലന്മാരെ പീഡിപ്പിച്ച കേസില്‍ വ്യാജ പാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ബാലരാമപുരം മടവൂര്‍പ്പാറ കാട്ടുകുളത്തിന്‍കര വീട്ടില്‍ ജോസ് പ്രകാശ് എന്ന 46 കാരനാണു പെരിന്തല്‍മണ്ണ സി ഐ സണ്ണി ചാക്കോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്‍റെ വലയിലായത്.
ബാലന്മാരുടെ കുടുംബം പെരിന്തല്‍മണ്ണയിലെ പ്രാത്ഥനാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കവേയായിരുന്നു ജോസ് പ്രകാശുമായി പരിചയപ്പെടുന്നത്. ഇയാള്‍ കുട്ടികളുടെ മേല്‍ പിശാചു ബാധയുണ്ടെന്നും പ്രാര്‍ത്ഥനയിലൂടെ ഇത് ഒഴിപ്പിക്കാമെന്നും രക്ഷിതാക്കളെ പറഞ്ഞു വിശ്വസിപ്പിച്ചു.
തുടര്‍ന്ന് മഞ്ചേരിയിലെ വീട്ടിലെത്തി പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് വിശദമായ പ്രാര്‍ത്ഥനയ്ക്കായി ജോസ് പ്രകാശിന്‍റെ സുഹൃത്തിന്‍റെ പെരിന്തല്‍മണ്ണയിലെ വീട്ടിലേക്ക് വിളിപ്പിച്ചു. കൂട്ടപ്രാര്‍ത്ഥന നടന്ന ശേഷം കുട്ടികളെ മാത്രം പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് എന്ന പേരില്‍ മുറിയിലേക്ക് കയറ്റി കതകടച്ചായിരുന്നു പീഡിപ്പിച്ചത്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വഴിയാണ് കുട്ടികള്‍ പീഡന വിവരം പുറത്തറിയിച്ചത്. ജോസ് പ്രകാശ് ഒരു പള്ളിയിലും പാസ്റ്ററായി ജോലി നോക്കിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.