വിവാഹ വാഗ്ദാനം നല്‍കി പീഡനം : പൊലീസുകാരന്‍ അറസ്റ്റില്‍
വെള്ളി, 8 ഏപ്രില്‍ 2016 (11:05 IST)
പതിനേഴുകാരിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റിലായി. കൊല്ലം എ.ആര്‍.ക്യാമ്പിലെ പൊലീസുകാരനായ ചവട തെക്കുംഭാഗം പുല്ലേഴത്ത് സുഭാഷ് എന്ന 32 കാരനാണു കേസിലെ പ്രതി.
2015 ഡിസംബറിലാണു കേസുമായി ബന്ധപ്പെട്ട സംഭവം നടന്നത്. പാണ്ടിക്കാട് സ്വദേശിയായ പെണ്‍കുട്ടിയെ മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി വലയിലാക്കിയായിരുന്നു പീഡിപ്പിച്ചത്. മഞ്ചേരി, പഴനി എന്നീ പ്രദേശങ്ങളില്‍ ലോഡ്ജില്‍ മുറിയെടുത്തായിരുന്നു ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്.
കുട്ടിയെ കാണാനില്ലെന്ന പിതാവിന്‍റെ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചപ്പോള്‍ പ്രതി കുട്ടിയുമായി പാണ്ടിക്കാട് സ്റ്റേഷനില്‍ ഹാജരായി. എന്നാല്‍ ഇയാളുടെ പേര്‍ ദേവനാരായണന്‍ എന്നായിരുന്നു കുട്ടിയെ ധരിപ്പിച്ചിരുന്നത്.
തുടര്‍ന്ന് പെണ്‍കുട്ടി നടത്തിയ അന്വേഷണത്തില്‍ പ്രതിക്ക് ഭാര്യയും കുട്ടികളും ഉള്ളതായി കണ്ടെത്തി. തുടര്‍ന്ന് മലപ്പുറം എസ് പിക്ക് പരാതി നല്‍കിയപ്പോള്‍ പ്രതി ഒളിവില്‍ പോവുകയായിരുന്നു. മധുരയില്‍ ഭാര്യയും കുട്ടികളുമായി ഒളിവില്‍ കഴിയവേ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പൊലീസ് സ്ഥലത്തെത്തി.
ഇതറിഞ്ഞ പ്രതി ചവറയിലേക്ക് പോയി. പൊലീസ് ഇയാളെ പിടികൂടിയപ്പോഴാണ് ആദ്യ ഭാര്യയെ കൂടാതെ ചവറ എസ് പി ഓഫീസിലെ ജീവനക്കാരിയായ മറ്റൊരു ഭാര്യയും കുട്ടിയും ഇയാള്‍ക്കുണ്ടെന്ന് ആദ്യ ഭാര്യയും പൊലീസും കണ്ടെത്തിയത്. പ്രതിയെ മഞ്ചേരി ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‍ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.