വയനാട് പുൽപ്പള്ളിയിൽ യുവാവ് വെടിയേറ്റ് മരിച്ചു. പുൽപ്പള്ളി സ്വദേശിയായ നിതിനാണ് മരിച്ചത്. അയൽവാസിയുമായുള്ള വാക്കുതർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. ഇന്നലെ രാത്രി അയൽവാസിയായ ചാർളിയുമായുള്ള വാക്കുതർക്കത്തിന് ശേഷമായിരുന്നു സംഭവം. ഇന്നലെ ചാർളിടെ തിരിച്ചയച്ചിരുന്നു. ഇതിന് ശേഷം ഇന്ന് പുലർച്ചെ തിരിച്ചെത്തിയ ചാർളി യുവാവിന് നേരെ വെടിയുതിർക്കുകയായിരുന്നെന്നാണ് വിവരം. സംഭവത്തിൽ നിധിനും വല്ല്യച്ഛനായ കിഷോറിനും വെടിയേറ്റു.
പരിക്കേറ്റ നിധിൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കിഷോർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. ഇയാൾ അപകട നില തരണം ചെയ്തിട്ടില്ല. അതേസമയം, ആക്രമണം നടത്തിയ ചാർളി സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായാണ് വിവരം. ഇയാൾ കർണാടക അതിർത്തിയിലുള്ള കാട്ടിലേക്ക് കടന്നതായാണ് നിഗമനം. ചാർളിക്കായി പോലീസും നാട്ടുകാരും കാട്ടിൽ ഉൾപ്പെടെ തിരച്ചിൽ നടത്തുകയാണ്.
വെടിയുതിർത്ത ചാർളി പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരനാണെന്നാണ് വിവരം. ഇയാൽ നിരവധി കേസുകളിൽ പ്രതിയാണെന്നും വിവരമുണ്ട്. എന്നാൽ വെടിവയ്ക്കാൻ ഉപയോഗിച്ച നാടൻ തോക്ക് ലൈസൻസ് ഇല്ലാത്തതാണെന്നാണ് റിപ്പോർട്ട്. ഇതേക്കുറിച്ചും പോലീസ് അന്വഷണം നടത്തി വരികയാണ്.