ഇന്ത്യൻ മഹാസമുദ്രത്തിൽ കണ്ടെത്തിയ വിമാന അവശിഷ്ടങ്ങൾ കഴിഞ്ഞ വര്‍ഷം കാണാതായ മലേഷ്യൻ എയർലൈൻസ് വിമാനത്തിന്റെതെന്നു റിപ്പോര്‍ട്ട്. അമേരിക്കയിലെ അന്വേഷണ ഉദ്യോഗസ്ഥരാണ് വിവരം അറിയിച്ചത്. മലേഷ്യൻ യാത്രാ വിമാനമായ എംഎച്ച് 370 എന്ന ബോയിങ് 777ന്റെ ചിറകുകളാണ് കണ്ടെത്തിയതെന്നാണ് കരുതപ്പെടുന്നത്. ബോയിംഗ് 777ൽ കാണപ്പെടുന്ന ഫ്ലാപ്പെറോൺ എന്ന ഉപകരണം അവശിഷ്ടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിൽ മഡഗാസ്കറിനു സമീപം ഫ്രഞ്ച് ഭരണ ദ്വീപുകളായ റീയൂണിയൻ ഐലൻഡ്സിന്റെ തീരത്ത് ഇന്നലെയാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പരിശോധന നടക്കുകയാണെന്ന് റീയൂണിയൻ ദ്വീപിലെ ഫ്രഞ്ച് വ്യോമസേനാംഗം അറിയിച്ചു. ദ്വീപിലെ സെന്റ് ആന്ദ്രെ തീരത്തിനടുത്തായാണ് അവശിഷ്ടങ്ങൾ അടിഞ്ഞത്.
മലേഷ്യന്‍ നഗരമായ പെനാംഗിന് 230 മൈല്‍ വടക്കുകിഴക്കാണ് വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായത്. ഇപ്പോള്‍ ചിറക് കണ്ടെത്തിയത് പെനാംഗിന് 1500 മൈല്‍ അഖലെയാണ്. പരിശോധനകള്‍ തുടരുകയാണ് . അതിനുശേഷമായിരിക്കും വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കുക. 2014 മാര്‍ച്ച് 8 നാണ് 239 പേരുമായി കുലാലംപൂരില്‍നിന്ന് ബീജിംഗിലേക്ക് പോയ വിമാനം കാണാതായത്.