സുനി പൊലീസിന്റെ നിഗമനം തെറ്റിച്ചത് ഇങ്ങനെ!

Webdunia
വ്യാഴം, 23 ഫെബ്രുവരി 2017 (20:52 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഏതു നിമിഷവും കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചനയുണ്ടായിരുന്നുവെങ്കിലും പൊലീസിന്റെ നീക്കം പാളിയത് പ്രതിയുടെ സിനിമ സ്‌റ്റൈലിലുള്ള മുന്നൊരുക്കങ്ങള്‍.

സുനിയുടെ നീക്കങ്ങള്‍ പൊലീസ് അറിഞ്ഞത് അഭിഭാഷകയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചായിരുന്നു. എറണാകുളം ജില്ലയിലും പുറത്തും പ്രതിയെ പിടികൂടാന്‍ മഫ്‌തിയിലും അല്ലാതെയും പൊലീസ് വലവിരിച്ചിരുന്നു. ഇത് മനസിലാക്കിയ സുനി ആദ്യം തിരുവനന്തപുരത്ത് കീഴടങ്ങാനായിരുന്നു പദ്ധതിയിട്ടത്. എന്നാല്‍ പിന്നീട് പദ്ധതി മാറ്റുകയും എറണകുളത്ത് കീഴടങ്ങാന്‍ തീരുമാനിക്കുകയുമായിരുന്നു.

അഭിഭാഷകനൊപ്പം കാറില്‍ കോടതിയിലേക്ക് എത്തിയ സുനിയും വിജീഷും പൊലീസ് പിന്തുടരുന്നത് മനസിലാക്കി കോടതിയില്‍ എത്തുന്നതിന് മുമ്പ് കാറില്‍ നിന്ന് ഇറങ്ങി. പിന്നെ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ബൈക്കില്‍ പ്രതികള്‍ കോടതി പരിസരത്തേക്ക് എത്തി. പിന്തുടര്‍ന്ന് എത്തിയ പൊലീസ് സംഘം ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ പ്രകടനത്തിനിടെ കുടുങ്ങിപ്പോയതും പൊലീസിന് തിരിച്ചടിയായി.

എറണാകുളത്തപ്പന്‍ ക്ഷേത്രത്തിന്റെ പരിസരത്ത് ബൈക്ക് വച്ച ശേഷം കോടതി വളപ്പിന്റെ മതില്‍ ചാടി കടന്ന് സുനിയും വിജീഷും കോടതിയില്‍ എത്തിയതാണ് പൊലീസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. വെള്ള ഷര്‍ട്ട് ധരിച്ചിരുന്നതിനാലും ഹെല്‍‌മറ്റ് ഉപയോഗിച്ചിരുന്നതിനാലും പൊലീസിനും പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചില്ല. കോടതി മുറിക്കുള്ളില്‍ എത്തിയ സുനിയെയും കൂട്ടാളിയേയും അഭിഭാഷകരാണ് ആദ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് പൊലീസ് വിവരമറിഞ്ഞതും ഇരുവരെയും നാടകീയമായി പിടികൂടിയതും.
Next Article