പ്രശസ്ത ചലച്ചിത്ര ചായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ (62) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്‍റെ അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഉച്ചയോടെയായിരുന്നു അന്ത്യം. എറണാകുളത്താണ് സ്ഥിരതാമസം. ഭാര്യ: ഗീത. മക്കൾ: ശ്രീകുമാർ, നീലിമ, കാർത്തിക.
ഭരതം, ഹിസ്ഹൈനസ് അബ്ദുള്ള, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, അഥർവം, സദയം, ആകാശദൂത് തുടങ്ങി 150ലധികം മലയാള സിനിമകൾക്ക് ആനന്ദക്കുട്ടൻ ക്യാമറ ചലിപ്പിച്ചു. 1977ൽ 'മനസിലൊരു മയിൽ' എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചാണ് ചലച്ചിത്ര ലോകത്തേക്കുള്ള ആനന്ദക്കുട്ടന്‍റെ കടന്നുവരവ്.
രാമകൃഷ്ണൻ നായർ-കാർത്തിയാനിയമ്മ ദമ്പതികളുടെ മകനായി 1954ൽ കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിലായിരുന്നു ജനനം. ചങ്ങനാശേരി എൻ.എസ്.എസ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസവും പ്രീഡിഗ്രിയും പൂർത്തിയാക്കി മദ്രാസിലേക്ക് പോയി അദ്ദേഹം ഛായാഗ്രാഹണം പഠിച്ചു.