കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒളിവിലായിരുന്ന പ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ കോടതിയില്‍ കീഴടങ്ങാന്‍ എത്തിയത് 'പള്‍സര്‍' ബൈക്കില്‍. ടിഎന്‍- 04 ആര്‍1-496 നമ്പറിലുള്ള തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ബൈക്കിലാണ് സുനിയും കൂട്ടാളി വിജീഷും എറണാകുളം എസിജിഎം കോടതിയില്‍ ഹാജരായത്.
എറണാകുളത്തപ്പന്‍ ക്ഷേത്രത്തിന്റെ പരിസരത്ത് ബൈക്ക് വച്ച ശേഷം കോടതി വളപ്പിന്റെ മതില്‍ ചാടി കടന്നാണ് സുനിയും വിജീഷും കോടതിക്കുള്ളില്‍ പ്രവേശിച്ചത്. ഈ സമയം ഇരുവരും ഹെല്‍മറ്റ് വച്ച് മുഖം മറച്ച നിലയിലായിരുന്നു. കോടതിയില്‍ പ്രതികളെ കാത്ത് ഒരു അഭിഭാഷകനുമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.
ബൈക്കിന്റെ കേബിളുകള്‍ വിഛേദിച്ച നിലയിലാണ്. ബൈക്ക് തമിഴ്‌നാട്ടില്‍ എവിടെ നിന്നെങ്കിലും മോഷ്ടിച്ചു കൊണ്ടുവന്നതായിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു. ബൈക്ക് പൊലീസ് ക്ഷേത്രത്തിന്റെ ഓഫീസിലേക്ക് മാറ്റി.
എറണാകുളം പോലീസ് ക്ലബില്‍ എത്തിച്ച സുനിയേയും വിജീഷിനേയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യുകയാണ്. പ്രതികള്‍ക്കായി സംസ്ഥാനമൊട്ടാകെ വലവിരിച്ചിരിക്കെ ഇരുവരും പൊലീസിന്റെ കണ്ണ് വെട്ടിച്ച് തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ബൈക്കില്‍ കോടതിയില്‍ എത്തിയത് പൊലീസിന് കനത്ത തിരിച്ചടിയായി. അതേസമയം, പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് ഐജി പി വിജയന്‍പറഞ്ഞു.