പൃഥ്വിരാജിന് പിന്നാലെ ഗൌതമി നായരും രംഗത്ത്; “അതില്‍ പറയുന്ന കാര്യം സത്യമല്ല”

Webdunia
ശനി, 2 ഏപ്രില്‍ 2016 (11:49 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ സിനിമ താരങ്ങളുടെ ചിത്രങ്ങളുപയോഗിച്ച് ഒരു രാഷ്‌ട്രീയപാര്‍ട്ടി സോഷ്യല്‍ മീഡിയകളില്‍ നടത്തുന്ന പ്രചാരണത്തിനെതിരെ നടി ഗൌതമി നായരും രംഗത്ത്. ഫേസ്‌ബുക്കിലൂടെയാണ് താരം തന്റെ രാഷ്‌ട്രീയ നിലപാടും നിലവില്‍ നടക്കുന്ന പ്രചാരണത്തിനുമെതിരെ രംഗത്തുവന്നത്.

‘ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എനിക്കൊരു നിഷ്‌പക്ഷ നിലപാടാണുള്ളത്. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയെ പിന്തുണയ്‌ക്കുന്നതായി ചൂണ്ടിക്കാട്ടി വാട്ട്‌സ്‌ആപിലും ഫേസ്‌ബുക്കിലും തന്റെ ചില വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതില്‍ പറയുന്ന കാര്യം സത്യമല്ല. തന്റെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്‌ത് പ്രചരിക്കുന്നത് ശ്രദ്ധയില്‍‌പ്പെട്ടതോടെയാണ് വിഷയത്തില്‍ നയം വ്യക്തമാക്കിയത്. ഏറ്റവും അര്‍ഹരായ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കണമെന്ന അഭിപ്രായക്കാരിയാണ് താനെന്നും’ ഗൌതമി വ്യക്തമാക്കി.

ഇത്തരത്തിലുള്ള പ്രചാരണത്തിനെതിരെ നടന്‍‌മാരായ പൃഥ്വിരാജ്, നീരജ് മാധവ്, നടനം സംവിധായകനുമായ ബാലചന്ദ്ര മേനോന്‍, നടി മഞ്ജു വാര്യര്‍, ഗായിക ഗായത്രി അശോകന്‍ തുടങ്ങിയവരും ഫോട്ടോ എഡിറ്റ് ചെയ്‌തുള്ള നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു.