ഇന്ത്യാ- പാക്ക് അതിര്‍ത്തി പ്രശ്നവും സംഘര്‍ഷങ്ങളും രാജ്യത്തിന്റെ മുഴുവന്‍ വികാരങ്ങളുടെ ഭാഗമാണ്. കേന്ദ്ര സര്‍ക്കാര്‍ ഈ കാര്യം പരിഹരിക്കാന്‍ എടുക്കുന്ന നിലപാടില്‍ സംശയം തോന്നിയിട്ടാണൊ അതോ ഉറപ്പില്ലാഞ്ഞിട്ടാണൊ എന്നറിയില്ല പ്രശ്നത്തില്‍ മലപ്പുറം നഗര സഭയ്ക്ക് അതിയായ ഉത്കണ്ടയുണ്ടത്രെ! അതിനാല്‍ പ്രശ്നം എത്രയും പെട്ടന്ന് പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെടുന്ന പ്രമേയവും നഗരസഭ പാസാക്കി!
നഗരസഭയുടെ പരിധിയില്‍ വരുന്ന ലോക്കല്‍ പ്രശ്നങ്ങളെല്ലാം മാറ്റിവച്ചാണ് കൌണ്‍സിലര്‍ മാര്‍ രാജ്യാന്തര്‍ വിഷയത്തില്‍ തര്‍ക്കവും ചര്‍ച്ചയുമായി സമയം വെറുതെ കളഞ്ഞത്. മുസ്ലീം ലീഗ് കൌണ്‍സിലറായ കാപ്പില്‍ ഷംസുദീനാണ് നഗരസഭാ കൌണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയല്ല ഇതെന്ന് പ്രതിപക്ഷക്കാര്‍ നിലപാടെടുത്തതോടെ യോഗത്തില്‍ അതിര്‍ത്തിയിലേതിനേക്കാള്‍ വലിയ സംഘര്‍ഷം ഉടലെടുത്തു.
ഏത് സമയത്തും ഇന്ത്യാ- പാക്ക് വിഷയത്തില്‍ മലപ്പുറം നഗരസഭയില്‍ സംഘര്‍ഷം നടക്കും എന്നറിഞ്ഞ് മാധ്യമപ്പട ക്യാമറ്യും തൂക്കി എത്തിയപ്പോളാണ് തങ്ങളുടെ മണ്ടത്തരം കൌണ്‍സിലര്‍മാര്‍ക്ക് മനസിലായത്. ഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ ലൈവായി വെബ്സൈറ്റില്‍ കാണിക്കുന്നതിനാല്‍ ചര്‍ച്ചയെക്കുറിച്ചറിഞ്ഞവരെല്ലാം കമ്പ്യൂട്ടറിന് മുമ്പിലും തിങ്ങിക്കൂടി.
ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തി വരുന്ന അനധികൃത നുഴഞ്ഞുകയറ്റത്തിനും ജനവാസ കേന്ദ്രങ്ങളില്‍ നടത്തുന്ന ആക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കണമെന്നാണ് ഷംസുദീന്റെ പ്രമേയം ആവശ്യപ്പെട്ടത്. അതു പോരാഞ്ഞിട്ട് പാക്ക് അധീനതയിലുള്ള കശ്മീര്‍ കൂടി ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ത്ത് പാക്കിസ്ഥാന് ശക്തമായ മറുപടി നല്‍കണമെന്നും ഓരോ ഇന്ത്യക്കാരന്റെയും ഓരോ തുള്ളി ചോരയ്ക്കും പകരം ചോദിക്കണമെന്നും കശ്മീരികളുടെ ഓരോ തുള്ളി രക്തവും 125 കോടി ഇന്ത്യന്‍ ജനതയുടെ വികാരമായി കണ്ടുകൊണ്ടുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാരിനോട് ശക്തിയുക്തം ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍, നഗരസഭയുടെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട വേദിയാണിതെന്നും ഇത്തരം പ്രമേയങ്ങള്‍ നഗരസഭയുടെ പരിധിയില്‍ വരുന്നതല്ലെന്നും പ്രതിപക്ഷനിരയിലെ സിപിഎം കൌണ്‍സിലര്‍ പാലൊളി കുഞ്ഞിമുഹമ്മദ് എതിര്‍ വാദമുന്നയിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്. ഇത് സാധാരണ ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണെന്നും നഗരസഭയില്‍ ചര്‍ച്ച ചെയ്യുന്നതില്‍ തെറ്റില്ലെന്നും പ്രമേയത്തെ പിന്താങ്ങുന്നവര്‍ വാദിച്ചു. എന്തായാലും നഗരസഭയുടെ വക കേന്ദ്രസര്‍ക്കാരിന് ഈ വിഷയത്തില്‍ ഒരു കത്തയയ്ക്കാമെന്ന തീരുമാനത്തോടെയാണ് ഇന്ത്യ-പാക്ക് പ്രശ്നം മലപ്പുറം നഗരസഭയില്‍ ഒത്തു തീര്‍പ്പാക്കിയതത്രെ.