ഉപതെരഞ്ഞെടുപ്പിനായി മലപ്പുറത്തെത്തിച്ചിരിക്കുന്ന യന്ത്രങ്ങളില്‍ സൂക്ഷ്മ പരിശോധന നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. ഇതിനായി കൂടുതല്‍ എന്‍ജിനീയര്‍മാര്‍ ജില്ലയിലെത്തി. രണ്ടു പ്രാവശ്യം യന്ത്രങ്ങള്‍ പരിശോധനയ്‌ക്ക് വിധേയമാക്കുകയും ചെയ്‌തു.
പത്തു ശതമാനം യന്ത്രങ്ങളെങ്കിലും മോക്പോൾ (പരീക്ഷണവോട്ടെടുപ്പ്) നടത്തി പരിശോധിക്കമെന്നും അധികൃതര്‍ നിർദേശം നൽകി. 1,175 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. 585 കരുതൽ യന്ത്രങ്ങളുമുണ്ട്. ഇവയെല്ലാം പരിശോധനയ്‌ക്ക് വിധേയമാക്കിയെന്നാണ് റിപ്പോര്‍ട്ട്.
മധ്യപ്രദേശിലെ ബിന്ദിൽ ഉപതെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ (ഇവിഎം) വൻ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിംഗ് മെഷീൻ പരിശോധിച്ചപ്പോൾ ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടുരേഖപ്പെടുത്തുന്നതായിട്ടാണ് കണ്ടെത്തിയത്.
വിവി പാറ്റ് സംവിധാനത്തോടെയുള്ള ഇവിഎമ്മാണ് ഇവിടെ ഉപയോഗിക്കുന്നത്. വോട്ട് ബട്ടണ്‍ അമര്‍ത്തിയാല്‍ സ്ലിപ്പ് കാണുകയും അത് നാം രേഖപ്പെടുത്തിയ വോട്ട് തന്നെയാണോ എന്ന് ഉറപ്പാക്കുകയും ചെയ്യുന്ന സംവിധാനമാണ് വിവിപാറ്റ്. എന്നാല്‍, ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തുന്ന സ്ലിപ്പ് ലഭിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.