തിരുവനന്തപുരം- അബുദാബി എ ഐ 539 എയര്‍ ഇന്ത്യ എക്സ്പ്രസ് യന്ത്ര തകരാര്‍ കാരണം തിരിച്ചിറക്കി. ചൊവ്വാഴ്ച രാത്രി 7.45ഓടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദുബായിലേക്ക് പുറപ്പെട്ട വിമാനമാണ് രാത്രി 10.30ഓടെരണ്ടാം തവണയും യന്ത്രം തകരാറിലായതോടെ തിരിച്ചിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന 195 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
വൈകിട്ട് അഞ്ച് മണിയ്ക്കാണ് 195 യാത്രക്കാരുമായി എയര്‍ ഇന്ത്യാ വിമാനം ദുബായിലേക്ക് പുറപ്പടേണ്ടിയിരുന്നത്. എന്നാല്‍ അതിന് തൊട്ട് മുമ്പ് വിമാനത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനാല്‍ സമയം മാറ്റി. 7.30ഓടെ യന്ത്ര തകരാര്‍ പരിഹരിച്ചെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചതോടെ 7.45ന് വിമാനം ടേക്ക് ഓഫ് ചെയ്തു.
എന്നാല്‍ അല്‍പ്പസമയത്തിനകം യന്ത്രതകരാര്‍ ഉണ്ടെന്നും എത്രയും വേഗം തിരുവനന്തപുരത്ത് തന്നെ തിരിച്ചിറക്കണമെന്നും വിമാനത്തില്‍ നിന്നും സന്ദേശം ലഭിക്കുകയായിരുന്നു. നാല് മണിക്കൂര്‍ വരെ പറക്കാനുള്ള ഇന്ധനം വിമാനത്തിലുള്ളതിനാല്‍ മൂന്ന് മണിക്കൂറോളം ആകാശത്ത് കറങ്ങി ഇന്ധനം കളഞ്ഞതിന് ശേഷമാണ് ഇറക്കിയത്.വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥര്‍, അഗ്നിശമനസേന തുടങ്ങി അടിയന്തര സഹായത്തിനുള്ള എല്ലാ സംവിധാനങ്ങളും അധികൃതര്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നു.