മദനിക്ക്‌ വധഭീഷണി

Webdunia
ശനി, 19 ജൂലൈ 2014 (18:20 IST)
കര്‍ണാടകയിലെ സൗഖ്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അബ്‌ദുള്‍ നാസര്‍ മദനിക്ക്‌ വധഭീഷണി. ഉച്ചക്ക് മൂന്നുമണിക്കു ശേഷമായിരുന്നു ഭീഷണി സന്ദേശം എത്തിയത്. സൗഖ്യ ആശുപത്രിയിലെ ഫോണിലാണ്‌ ഭീഷണി മുഴക്കുന്ന സന്ദേശം വന്നത്.

കന്നഡ കലര്‍ന്ന മലയാളത്തിലായിരുന്നു സംസാരം. മദനിയേപ്പോലെയൊരാള്‍ക്ക് ആശുപത്രിയില്‍ സുഖ ചികിത്സ നല്‍കുന്നത് ശരിയല്ലെന്നും ഇതിന് പ്രതികാരം ചെയ്യുമെന്നും വെടിവച്ച്‌ കൊല്ലേണ്ട ആളാണ്‌ മഅദനി എന്നുമായിരുന്നു സന്ദേശം. സന്ദേശത്തേക്കുറിച്ച ആശുപത്രി അധികൃതര്‍ മദനിയേ അറിയിച്ചു.

തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. കര്‍ണാടകയില്‍ നിന്ന്‌ തന്നെയാണ്‌ ഫോണ്‍ സന്ദേശം വന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ആശുപത്രി അധികൃതരുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു.

മദനിക്ക് ഭീഷണി സന്ദേശം വന്നതൊടെ ആശുപത്രിയില്‍ അദ്ദേഹത്തിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏറെ നാളത്തെ നിയമപ്പോരാട്ടങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ വെള്ളിയാഴ്‌ച ജാമ്യം ലഭിച്ച മഅദനി തിങ്കളാഴ്‌ചയാണ്‌ ജയില്‍ മോചിതനായത്‌.