എന്തെങ്കിലും ഉണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കാം, സമ്മതം വാങ്ങിയിട്ടാണോ ഒരു സംഘടന കേരളത്തിൽ പ്രവർത്തിക്കുന്നത്? പി രാജുവിന് മറുപടിയുമായി എം സ്വരാജ്

Webdunia
ചൊവ്വ, 10 ജൂലൈ 2018 (14:55 IST)
എസ്എഫ്‌ഐ മറ്റ് വിദ്യാര്‍ത്ഥി സംഘടനങ്ങള്‍ക്ക് ക്യാമ്പസില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നില്ലെന്ന സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എം. സ്വരാജ് എംഎല്‍എ. ആരോപണം അടിസ്ഥാനരഹിതമാണെന്നും പി. രാജു ഉന്നയിച്ച പ്രശ്‌നങ്ങള്‍ നിലനിൽക്കുന്നതല്ലെന്നും സ്വരാജ് അടുത്തിടെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
 
കേരളത്തിലെ ക്യാംപസുകളിലെ ഇത്തരം സാഹചര്യങ്ങള്‍ സംബന്ധിച്ച് സംവാദം നടത്താന്‍ തയാറാണെന്നും ചരിത്രവസ്തുതകള്‍ പരിശോധിക്കാമെന്നും കൊലയാളികള്‍ക്കൊപ്പം ക്യാംപസുകള്‍ നില്‍ക്കില്ലെന്നും എം. സ്വരാജ് പറഞ്ഞു. സമ്മതം വാങ്ങിയിട്ടാണോ ഒരു സംഘടന കേരളത്തിൽ പ്രവർത്തിക്കുന്നതെന്നും സ്വരാജ് ചോദിക്കുന്നു. 
 
കൊലയാളികള്‍ക്കൊപ്പം ക്യാംപസ് നില്‍ക്കില്ല. അക്രമകാരികള്‍ക്കൊപ്പം ക്യാംപസ് നില്‍ക്കില്ല. ഈ തെറ്റായ വാദഗതികള്‍ ഉയര്‍ത്തുന്നവര്‍ അത് മനസിലാക്കണം. ഏതെങ്കിലും കോളെജില്‍ വല്ല അസ്വാരസ്യം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് നമുക്ക് പ്രത്യേകമായി ചര്‍ച്ച ചെയ്യാം. അതല്ലാതെ കേരളത്തില്‍ ഒരു സംഘടനയെ പ്രവര്‍ത്തിക്കാന്‍ സമ്മതിക്കുന്നില്ല എന്ന് പറയുന്നതൊക്കെ എന്തം‌ബന്ധമാണെന്ന് സ്വരാജ് ചോദിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article