നാളെയോടെ തീവ്രന്യൂനമര്‍ദം; ചുഴലിക്കാറ്റാകുമോ എന്ന് കാലാവസ്ഥ വകുപ്പ് നിരീക്ഷിക്കുന്നു, കേരളത്തില്‍ കനത്ത മഴ പെയ്യിച്ച് ചക്രവാതചുഴി

ഞായര്‍, 14 നവം‌ബര്‍ 2021 (08:56 IST)
ബംഗാള്‍ ഉള്‍ക്കടലിലെ ആന്തമാന്‍ കടലില്‍ നിലവിലുള്ള ന്യുനമര്‍ദം തിങ്കളാഴ്ചയോടെ (നവംബര്‍ 15) തീവ്ര ന്യുനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ച് നവംബര്‍ 18 ഓടെ ആന്ധ്രാപ്രദേശ് തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യത. ന്യൂനമര്‍ദം ചുഴലിക്കാറ്റാകുമോ എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്. 
 
വടക്കന്‍ തമിഴ്‌നാടിനു മുകളിലും തെക്ക് കിഴക്കന്‍ അറബികടലിലും ചക്രവാതചുഴി നിലനില്‍ക്കുന്നു. ചക്രവാതചുഴിയുടെ സ്വാധീനഫലമായി കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. 

മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് മലയോര മേഖലയില്‍ രാത്രിയാത്ര പൂര്‍ണമായി നിരോധിച്ചു. ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കുകയാണ് ഉചിതമെന്നും മുന്നറിയിപ്പ്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍