അയല്‍സംസ്ഥാന ട്രക്ക് ലോറി ഡ്രൈവര്‍മാര്‍ക്ക് അവശ്യസൗകര്യങ്ങളേര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് അഖിലേന്ത്യാ മോട്ടോര്‍ തൊഴിലാളികളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലോറി സമരം ആറാം ദിവസത്തിലേക്ക് കടന്നു. ലോറി തൊഴിലാളികളുമായി ഇന്ന് ചര്‍ച്ച നടത്താമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ലോറി ഡ്രൈവര്‍മാരുടെ പ്രതിനിധികളുമായി ഇന്ന് വൈകിട്ട് ചേരുന്ന യോഗത്തില്‍ ധനമന്ത്രി കെ എം മാണിയും പങ്കെടുക്കും.
സമരം ശക്തമാക്കിയെങ്കിലും കേരളത്തിലേക്കെത്തുന്ന ചരക്ക് വാഹനങ്ങളുടെ എണ്ണത്തില്‍ 30 ശതമാനം മാത്രമേ കുറഞ്ഞിട്ടുളളൂ എന്നാണ് വാളയാര്‍ ചെക്‌പോസ്റ്റില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്. ആവശ്യ സാധനങ്ങള്‍ മാത്രം സംസ്ഥാനത്തേക്ക് എത്തുന്നുണ്ട്.
എന്നാല്‍ തങ്ങളുടെ ആവശ്യം പരിഗണിക്കാത്ത സാഹചര്യം ഉണ്ടായാല്‍ ലോറി സമരം ശക്തിപ്പെടുത്തുമെന്നും തൊഴിലാളികള്‍ പറഞ്ഞു. അതേസമയം പാചക വാതക ടാങ്കര്‍ ലോറിയുടമാ സംഘം വെള്ളിയാഴ്ച മുതല്‍ പണിമുടക്കില്‍ പങ്കുചേര്‍ന്നിരുന്നു. അമരവിള, ചെങ്കോട്ട,കുമളി തുടങ്ങിയ മറ്റ് പ്രധാന ചെക്‌പോസ്റ്റുകളിലും സമരം ബാധിച്ചിട്ടില്ല.