വോട്ടര്‍മാരോട് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ വരുന്നു; എത്തുന്നത് 12ന്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 10 ജൂണ്‍ 2024 (10:28 IST)
വോട്ടര്‍മാരോട് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ വരുന്നു. ജൂണ്‍ 12നാണ് രാഹുല്‍ വയനാട്ടിലെത്തുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എപി അനില്‍കുമാര്‍ എംഎല്‍എയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞ് റായ്ബറേലി നിലനിര്‍ത്തും. വയനാട് സന്ദര്‍ശനത്തിന് ശേഷമായിരിക്കും പ്രഖ്യാപനം.
 
ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി രണ്ടുമണ്ഡലങ്ങളില്‍ നിന്നാണ് ജനവിധി തേടിയത്. കേരളത്തിലെ വയനാട്ടില്‍ നിന്നും ഉത്തര്‍പ്രദേശിലെ റായ്ബേലിയില്‍ നിന്നും. രണ്ടിടത്തും മിന്നും വിജയമാണ് രാഹുല്‍ നേടിയത്. ഒരു സ്ഥാനാര്‍ത്ഥി രണ്ടിടങ്ങളില്‍ ജയിച്ചാല്‍ എന്തുചെയ്യുമെന്ന് പലര്‍ക്കുമുള്ള സംശയമാണ്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 33(7) പ്രകാരം. രണ്ടുസീറ്റുകളില്‍ നിന്നുവിജയിച്ച ഒരു പാര്‍ലമെന്റംഗം 14 ദിവസത്തിനുള്ളില്‍ അതിലൊന്ന് രാജിവയ്ക്കണം. ഇല്ലെങ്കില്‍ രണ്ടു സീറ്റുകളും അസാധുവാകും. എന്തായാലും രാഹുല്‍ ഗാന്ധിക്ക് ഈ തീരുമാനം കുറച്ച് കടുപ്പമാകും. 
 
കഴിഞ്ഞതവണ അമേഠിയില്‍ തിരിച്ചടി ലഭിച്ചപ്പോള്‍ രാഹുലിനെ രക്ഷിച്ച മണ്ഡലമാണ് വയനാട്. റായ്ബേലിയാണെങ്കില്‍ നെഹ്റുകുടുംബത്തിന്റെ പരമ്പരാഗത മണ്ഡലവുമാണ്. അതേസമയം ലഭിക്കുന്ന വിവരങ്ങള്‍ വച്ചിട്ട് രാഹുല്‍ വയനാട് ഒഴിഞ്ഞ് റായ്ബേലി സ്വീകരിക്കുമെന്നാണ് കണക്കാക്കുന്നത്. മൂന്നരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുലിന് വയനാട് കിട്ടിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍