കഞ്ചാവ് മൊത്തക്കച്ചവടം നടത്തിയതുമായി ബന്ധപ്പെട്ട് ലോഡ് മാനേജര്‍ പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തു. അമ്പൂരി കുരിശുമല അര്‍ജുനന്‍റെ മകന്‍ രാജു (44) വാണ് ഷാഡോ പൊലീസിന്‍റെ വലയിലായത്.
കഴിഞ്ഞ കുറേക്കാലമായി ഇയാള്‍ ഗൂഡല്ലൂരിലെ സിറ്റി ഹോംസ് എന്ന സ്ഥാപനത്തിന്‍റെ മാനേജരായി പ്രവര്‍ത്തിക്കുവരികയാണ്. ഇതിനിടെ മാസത്തില്‍ രണ്ട് തവണ ഇയാള്‍ ഗൂഡല്ലൂരില്‍ നിന്ന് കിലോ കണക്കിനു കഞ്ചാവുമായി തിരുവനന്തപുരത്തെത്തി വിവിധ ലോഡ്ജുകളില്‍ മുറിയെടുത്തു താമസിക്കും. അപ്പോള്‍ തന്നെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് ഇത് എത്തിച്ചു കൊടുക്കുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി.
ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതി പ്രകാരം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ വെങ്കിടേഷിന്‍റെ നിര്‍ദ്ദേശ പ്രകാരം നടത്റ്റിയ അന്വേഷണത്തിലാണ് രാജു പേരൂര്‍ക്കട പൊലീസിന്‍റെയും സിറ്റി ഷാഡോ പൊലീസിന്‍റെയും സംയുക്ത നീക്കത്തില്‍ വലയിലായത്. ഗൂഡല്ലൂരിലെ സമീപ പ്രദേശങ്ങളായ ഗുണ്ടല്‍പ്പേട്ട്, ബൈരികുപ്പ് എന്നിവിടങ്ങളില്‍ നിന്നാണു കഞ്ചാവ് ശേഖരിച്ചു വില്‍പ്പന നടത്തിയിരുന്നത്.
ഇയാള്‍ക്കെതിരെ കോയമ്പത്തൂര്‍, വെള്ളറട പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. കഞ്ചാവു വില്‍പ്പനയുമായി ബന്ധപ്പെട്ട് നിരവധി പേര്‍ ഇതോടെ വലയിലാകുമെന്ന് പൊലീസ് അറിയിച്ചു.