കേരളം ഇടതിനൊപ്പം തന്നെ, കറുത്ത കുതിരയായി ബിജെപി

Webdunia
ശനി, 7 നവം‌ബര്‍ 2015 (11:57 IST)
തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ മനസ് ഇടതിനൊപ്പമെന്ന് വ്യക്തമായി. വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡി‌എഫിനെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി തന്നെയാണെന്ന് വ്യക്തമാക്കുന്ന ഫലങ്ങളാണ് പുറത്ത് വരുന്നത്. പല പഞ്ചായത്തുകളിലും യു‌ഡി‌എഫ് ബിജെപിക്കും പിന്നിലായി പോയത് ഞെട്ടിക്കുന്നത് തന്നെയാണ്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത് തരംഗമാണെങ്കില്‍ കറുത്ത കുതിരകാളായി നേട്ടം കൊയ്തത് ബിജെപിയാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ബിജെപിക്ക് മുന്നേറാൻ കഴിഞ്ഞു. കാസർഗോഡും പാലക്കാട്ടും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയപ്പോൾ തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി കറുത്ത കുതിരകളുമായി.

എസ്എൻഡിപിയുമായുള്ള കൂട്ടിനൊപ്പം നായർ വോട്ടുകൾ കൈവിട്ടില്ലെന്നതാണ് ബിജെപിക്ക് ഗുണകരമാകുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ആകെ അഞ്ചൂറിൽ താഴെ സീറ്റുകളിലായിരുന്നു ബിജെപിയുടെ വിജയം. എന്നാൽ അത് ഇത്തവണ ആയിരം കവിയുമെന്ന് ഉറപ്പായി കഴിഞ്ഞു.

കോഴിക്കോട്, തൃശൂർ കോർപ്പറേഷനുകളിലും ബിജെപി നിർണ്ണായക സാന്നിധ്യം ഉണ്ടാക്കി. കൊച്ചിയിലെ കോർപ്പറേഷനിലും അംഗബലം കൂടി. അമ്പതോളം കോർപ്പറേഷൻ വാർഡുകളിലാണ് ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചത്. കാസർഗോഡ് 42 പഞ്ചായത്ത് വാർഡുകളിൽ മുൻതൂക്കം. കാസര്‍ ഗോട്ട് 6 പഞ്ചായത്തുകള്‍ ബിജെപി ഭരണത്തിലേക്കാണെന്നാണ് സൂചനകള്‍.

കണ്ണൂരും ബിജെപി മുന്നേറ്റമുണ്ടാക്കി. ഗ്രാമപഞ്ചായത്തിലും മുൻസിപ്പാലിറ്റിയിലും അംഗങ്ങളുണ്ട്. പാലക്കാടും മുന്നേറി. തൃശൂർ കോർപ്പറേഷനിൽ ആറു പേരും കൊച്ചിയിൽ രണ്ടു പേരും ജയിച്ചു. കണ്ണൂർ കോർപ്പറേഷനിലും രണ്ട് പേർ ജയിച്ചു. കൊല്ലത്തുമുണ്ട് പ്രാതിനിധ്യം. കോട്ടയത്തും ഇടുക്കിയിലും പഞ്ചായത്തിൽ പ്രാതിനിധ്യമുണ്ട്.

മറ്റൊരു പ്രധാന യാഥാര്‍ഥ്യം എന്നത് ബിജെപി- എസ്‌എന്‍‌ഡിപി കൂട്ടുകെട്ട് സംസ്ഥാനത്തെ ഇരുമുന്നണികളുടെയും വോട്ട് ബാങ്കിലൊ കാര്യമായ വിള്ളല്‍ വീഴ്ത്തി എന്ന് തന്നെയാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഫലം നല്‍കുന്ന സൂചനകള്‍ അതുതന്നെയാണ്. 34 സീറ്റുകള്‍ ഇവിടെ ബിജെപി ജയിച്ചപ്പോള്‍ അതില്‍ ഭൂരിഭാഗവും യു‌ഡി‌എഫിന്റേതായിരുന്നു.

ഇവിടെ ഇടത് വോട്ട് ബാങ്കുകളില്‍ കടന്നുകയറാനും സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ പോലും ബിജെപിക്ക് സാധിച്ചു. തിരുവനന്തപുരത്തേത് വലിയ മുന്നേറ്റമാണ്. പ്രത്യേകിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോര്‍പ്പറേഷനിലെ ശക്തിപ്രകടനം നിയമസഭയിലേക്കുള്ള വാതില്‍ തുറക്കുന്നതിനു തുല്യമാണ്.